മലപ്പുറം: വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ധീരനായ സ്വാതന്ത്ര സമര സേനാനിയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.പിയുമായ സി.ഹരിദാസ്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സി.ഹരിദാസ് തെൻറ അഭിപ്രായം പ്രകടിപ്പിച്ചത്.
'മഞ്ചേരിയിലെ ഒരു ഗ്രാമത്തിലെ പാവപ്പെട്ട ഒരു കൃഷിക്കാരനായിരുന്നു വാരിയൻ കുന്നൻ. അദ്ദേഹം സ്വാതന്ത്ര സമരത്തിന് വേണ്ടി ശബ്ദിച്ചു. ഒരു തെറ്റും ചെയ്തിട്ടില്ല. മാപ്പിള കലാപം ആസൂത്രണം ചെയ്തത് ബ്രിട്ടീഷുകാരാണ്. വിഭജിച്ചു ഭരിക്കുക എന്നതായിരുന്നു അവരുടെ രീതി. വെടിവെച്ചു കൊല്ലാൻ നേരവും ധീരമായ നിലപാടുകളാണ് വാരിയൻകുന്നൻ സ്വീകരിച്ചത്. പുതിയ തലമുറ ഇത് മനസ്സിലാക്കണം'
'വാരിയൻകുന്നൻ രക്തസാക്ഷിയാണ്. അദ്ദേഹത്തെക്കുറിച്ച് ചലച്ചിത്രം നിർമിക്കുന്നതിൽ എന്താണ് തെറ്റ്. അയാൾ മുസ്ലിം ആയതുകൊണ്ടാണോ?. ഏത് ചരിത്രകാരനാണ് വാരിയൻ കുന്നൻ ഹിന്ദു വീടുകൾ ആക്രമിച്ചിട്ടുണ്ട് എന്ന് പറഞ്ഞിട്ടുള്ളത്?. പൊന്നാനിയിൽ കലാപമുണ്ടായപ്പോൾ തടുത്തത് കെ.കേളപ്പനാണ്'.
'കലാപസമയത്ത് ബ്രിട്ടീഷുകാർ മുസ്ലിംവേഷങ്ങളിൽ കയറി ഹിന്ദുവീടുകൾ ആക്രമിച്ചിട്ടുണ്ട്. കോട്ടക്കലിൽ മുസ്ലിം ചെറുപ്പക്കാരെയെല്ലാം പൊലീസ് പിടിച്ചപ്പോൾ സ്ത്രീകൾക്ക് ഭക്ഷണം നൽകിയത് ആര്യവൈദ്യശാല സ്ഥാപകൻ പി.എസ്. വാര്യർ ആണ്. മുസ്ലിം സ്ത്രീകൾക്ക് നെല്ലെടുക്കാൻ വാര്യർ അനുമതി നൽകി. ഇപ്പോഴും ആര്യവൈദ്യശാലയിലെ കൈലാസത്തിൽ എല്ലാ മതങ്ങളുടെയും ചിഹ്നം കാണാം. അന്നത്തെ മലബാർ കലക്ടർ രാജ്യദ്രോഹക്കുറ്റത്തിന് വിധിച്ചപ്പോൾ അങ്ങ് ചെയ്യേണ്ട കാര്യമാണ് ഞാൻ ചെയ്തത് എന്നായിരുന്ന വാര്യരുടെ മറുപടി -സി. ഹരിദാസ് അഭിപ്രായപ്പെട്ടു.
എ.കെ.ആൻറണി, വയലാർ രവി തുടങ്ങിയ നേതാക്കളുടെ സമകാലികനായി മഹാരാജാസിൽ പഠിച്ച സി.ഹരിദാസ് കെ.എസ്.യുവിെൻറ സ്ഥാപക നേതാക്കളിൽ ഒരാളാണ്. മലപ്പുറം ജില്ലയിലെ യൂത്ത് കോൺഗ്രസിെൻറ ആദ്യ പ്രസിഡൻറ് കൂടിയായ ഹരിദാസ് 1980 മുതൽ 1986വരെ രാജ്യസഭ എം.പിയായിരുന്നു.