സി. ദിവാകരന്‍ തെറ്റ് ഏറ്റുപറഞ്ഞു; നടപടി അവസാനിപ്പിച്ചെന്ന് ബിനോയ് വിശ്വം
text_fieldsസി. ദിവാകരൻ, ബിനോയ് വിശ്വം
തിരുവനന്തപുരം: പാർട്ടി ലൈനിന് വിരുദ്ധമായ അഭിപ്രായപ്രകടനങ്ങളുടെ പേരിൽ നോട്ടീസ് ലഭിച്ച മുതിർന്ന സി.പി.ഐ നേതാവും മുൻമന്ത്രിയുമായ സി. ദിവാകരൻ തെറ്റ് സമ്മതിച്ചു. ഇതേതുടർന്ന് മറ്റു നടപടികൾ അവസാനിപ്പിച്ചതായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു.
മുഖ്യമന്ത്രി വി.ഡി. സതീശനെ പുകഴ്ത്തി സംസാരിച്ചതാണ് കാരണം കാണിക്കൽ നോട്ടീസിന് ഇടയാക്കിയത്. നിലവിൽ തിരുവനന്തപുരം ജില്ല കൗൺസിലിലെ പ്രത്യേക ക്ഷണിതാവായ ദിവാകരന്, സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരം ജില്ല ഘടകമാണ് നോട്ടീസ് നൽകിയത്. ഇതിന് നല്‍കിയ മറുപടിയില്‍ തെറ്റ് സമ്മതിച്ചെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും അറിയിച്ചതായി ബിനോയ് വിശ്വം പറഞ്ഞു. ഇനി കൂടുതല്‍ നടപടിയിലേക്ക് പാര്‍ട്ടി കടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടിയുടെ നയങ്ങൾക്കും നിലപാടുകൾക്കും വിരുദ്ധമായി പരസ്യ പ്രസ്താവനകൾ നടത്തിയത് ഗുരുതരമായ അച്ചടക്ക ലംഘനമായാണ് നേതൃത്വം വിലയിരുത്തിയത്.
ശിവസേന മഹാരാഷ്ട്ര ഭരിച്ച ഉജ്ജ്വല പ്രസ്ഥാനമാണെന്നും ഇപ്പോഴും മുംബൈയിലെ വലിയ പ്രസ്ഥാനമായി തുടരുകയാണെന്നും ദിവാകരൻ പ്രസംഗിച്ചിരുന്നു. തിരുവനന്തപുരം പഴവങ്ങാടി മഹാഗണപതി ക്ഷേത്രസന്നിധിയിൽ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിന്റെയും ഗണേശവിഗ്രഹ നിമജ്ജന ഘോഷയാത്രയുടെയും ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുമ്പോഴായിരുന്നു പരാമർശം.
ശിവസേന സംഘടിപ്പിച്ച ഗണേശപൂജയും ഘോഷയാത്രയും അതിമനോഹരമാണെന്ന് പറഞ്ഞ ദിവാകരൻ, ആഘോഷങ്ങളിൽ പങ്കെടുത്ത ജനസഞ്ചയവും അവരുടെ ആവേശവും ഭക്തിയും നേരിൽ കണ്ടപ്പോൾ അത്ഭുതം തോന്നിയെന്നും കൂട്ടിച്ചേർത്തു.
‘കേരളത്തിന്റെ പ്രിയങ്കരനായ മുഖ്യമന്ത്രിയാണ് സതീശൻ. നിയമസഭയിൽ തങ്ങളെയെല്ലാം വെള്ളം കുടിപ്പിച്ച സമർഥനായ പ്രതിപക്ഷ നേതാവ്. അദ്ദേഹം ഭരണത്തിൽ വന്ന് 100 ദിവസം കൊണ്ട് കേരളത്തിന്റെ താൽപര്യം തന്റെ കൈകളിൽ ഭദ്രമാണെന്നു തെളിയിച്ചു. സതീശൻ സർക്കാർ പാവപ്പെട്ട ആളുകൾക്കു വേണ്ടി, അടിച്ചമർത്തപ്പെട്ടവർക്കു വേണ്ടി ചെയ്യുന്ന എല്ലാ കാര്യങ്ങളോടും നമുക്ക് സഹകരിക്കാൻ കഴിയുന്നതാണ്’ -എന്നാണ് സതീശനെ കുറിച്ച് പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

