Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'തിരുവനന്തപുരത്തെ...

'തിരുവനന്തപുരത്തെ മോദീ, നിങ്ങളുടെ സമയം കഴിഞ്ഞു, ബൈ ബൈ പിണറായി'; മുഖ്യമന്ത്രിക്ക് വീണ്ടും രേവന്തിന്‍റെ മറുപടി

text_fields
bookmark_border
തിരുവനന്തപുരത്തെ മോദീ, നിങ്ങളുടെ സമയം കഴിഞ്ഞു, ബൈ ബൈ പിണറായി; മുഖ്യമന്ത്രിക്ക് വീണ്ടും രേവന്തിന്‍റെ മറുപടി
cancel

പത്തനാപുരം : തന്‍റെ വിമർശനങ്ങൾക്കെതിരെ രൂക്ഷമായി രംഗത്തെത്തിയ പിണറായി വിജയന് വീണ്ടും മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. നിങ്ങളുടെ സമയം കഴിഞ്ഞെന്നും, തിരുവനന്തപുരത്തെ മോദിയാണ് പിണറായിയെന്നും രേവന്ത് ആഞ്ഞടിച്ചു. തനിക്കെതിരെ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയായി 'പോ മോനെ വിജയ' എന്ന പ്രയോഗം അദ്ദേഹം വീണ്ടും പ്രയോഗിച്ചു. പ്രവർത്തകരെക്കൊണ്ട് 'ബൈ ബൈ പിണറായി' എന്ന മുദ്രാവാക്യം ആവർത്തിച്ച് വിളിപ്പിക്കുകയും ചെയ്തു. പത്തനാപുരത്തെ റോഡ് ഷോയിലായിരുന്നു രേവന്ത് റെഡ്ഡി കടുത്ത ഭാഷയിൽ രംഗത്തെത്തിയത്.

'പിണറായി വിജയന്റെ പ്രായത്തെ ഞാന്‍ ബഹുമാനിക്കുന്നുണ്ട്. അദ്ദേഹം നടത്തിയത് പോലുള്ള പ്രതികരണങ്ങള്‍ നടത്താത്തത് കേരളത്തിലെ ജനങ്ങളോടുള്ള തന്റെ സ്‌നേഹം കൊണ്ട് മാത്രമാണ്. എന്താണ് മോദിയും പിണറായിയും തമ്മിലുള്ള ബന്ധമെന്ന് അദ്ദേഹം വ്യക്തമാക്കേണ്ടിയിരിക്കുന്നു. ആരെയാണ് പിണറായി മാതൃകയാക്കിയിരിക്കുന്നത്? പിണറായിയുടെ അധിക്ഷേപങ്ങളെ ഞാൻ കാര്യമാക്കുന്നില്ല, അതൊരു അനുഗ്രഹമായാണ് കാണുന്നത്. പക്ഷേ, കേരളത്തിലെ ജനങ്ങളെയും സ്ത്രീകളെയും അപമാനിക്കാമെന്ന് കരുതരുത്'. രേവന്ത് റെഡ്ഡി കൂട്ടിച്ചേര്‍ത്തു.

'കേരളത്തില്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പോടെ യുവാക്കള്‍ അധികാരത്തിലേറുന്നത് കാണാനാകും. തുടര്‍ന്നുള്ള കാലങ്ങളില്‍ കേരളത്തിനെ സഹായിക്കാന്‍ തെലങ്കാന സര്‍ക്കാര്‍ കൂടെയുണ്ടാകും. കേരളത്തില്‍ മെസിയെ കൊണ്ടുവരുമെന്ന് പറഞ്ഞിട്ട് എന്താണുണ്ടായത്? തെലങ്കാനയില്‍ മെസി വന്നത് കണ്ടില്ലേ. യു.ഡി.എഫ് അധികാരത്തിലേറിയാല്‍ ഒരുവര്‍ഷത്തിനുള്ളില്‍ മെസിയോ റൊണാള്‍ഡോയോ കേരളത്തിലെത്തും. കേരളത്തിലെ യുവാക്കളുമായി ഫുട്‌ബോള്‍ കളിക്കും. ഇത് തന്റെ ഗ്യാരണ്ടിയാണ്. കേരളത്തിലെ സഹോദരിമാർക്ക് കേരത്തിലുടെനീളം സൗജന്യയാത്ര നൽകാൻ യു.ഡി.എഫ് തയ്യാറാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞങ്ങളത് തെലുങ്കാനയിൽ പ്രാവർത്തികമാക്കിയതാണ്. 2023 ഡിസംബർ 9 മുതൽ ഇതുവരെ പതിനായിരം കോടി രൂപയാണ് ഞങ്ങൾ നീക്കിവെച്ചത്. ഇതാണ് ഞങ്ങളുടെ ട്രാക്ക് റെക്കോഡ്.' രേവന്ത് റെഡ്ഡി പറഞ്ഞു.

നേരത്തെ രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. 'ഡാഷ് മോനേ രേവന്താ, മറുപടി വരുന്നുണ്ടെന്നായിരുന്നു' പിണറായിയുടെ മറുപടി. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാക്കള്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു.

കണ്ണൂരിൽ വാർത്തസമ്മേളനത്തിനിടെ രേവന്ത് റെഡ്ഡിയുടെ ‘നീ പോ മോനെ വിജയാ’ എന്ന പരാമർശത്തേക്കുറിച്ച് മാധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. രേവന്ത് റെഡ്ഡി ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുമ്പോൾ ഒരു മര്യാദ വേണമെന്നും അതിനൊക്ക ചേർന്ന രീതിയിലാണോ അദ്ദേഹം സംസാരിച്ചതെന്നും പിണറായി ചോദിച്ചു.

‘രേവന്ത് റെഡ്ഡി ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാൾ സാധാരണ ഗതിയിൽ കാണിക്കേണ്ട ചില രീതികളുണ്ട്. മര്യാദകളുണ്ട്. അതിനൊക്കെ ചേർന്ന രീതിയിലാണോ അദ്ദേഹത്തിന്റെ ഈ ഇടപെടൽ വന്നിട്ടുള്ളതെന്ന് അദ്ദേഹം തന്നെ സ്വയം ചിന്തിക്കട്ടെ. ഏതായാലും അദ്ദേഹം പരസ്യമായി ഉന്നയിച്ച സാഹചര്യത്തിൽ ഞാൻ പരസ്യമായി തന്നെ മറുപടി കൊടുക്കുന്നുണ്ട്. ഇപ്പോൾ അത് വിശദമാക്കുന്നില്ല. അതുകൊണ്ട് രേവന്ത് റെഡ്ഡിയോട് ഡാഷ് മോനേ രേവന്താ മറുപടി വരുന്നുണ്ട് എന്ന് മാത്രമേ ഇപ്പോൾ പറയാനുള്ളൂ’ -പിണറായി വിജയൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Revanth Reddytelengana CMUDFLDFPinarayi VijayanKerala Assembly Election 2026
News Summary - "Bye Bye Pinarayi, You are the Modi of Thiruvananthapuram": Revanth Reddy Intensifies Attack on Kerala CM
Next Story