ഉപതെരഞ്ഞെടുപ്പ്: കണ്ണൂരിൽ യു.ഡി.എഫ് സ്ഥാനാർഥിയെ ബൂത്തിൽനിന്ന് ഇറക്കിവിട്ടു
text_fieldsഇരിട്ടി: യു.ഡി.എഫ് സ്ഥാനാർഥി ലിൻഡ ജയിംസിനെ മുഴക്കുന്ന് പഞ്ചായത്തിലെ കടുക്കാപ്പാലം വാർഡിലെ മുടക്കോഴി പോളിങ് ബൂത്തിൽനിന്ന് ബലമായി ഇറക്കിവിട്ടതായി പരാതി. ബൂത്തിൽ യുഡി.എഫ് സ്ഥാനാർഥിയുടെ ചീഫ് ഏജൻറും സ്ഥാനാർഥിയും ഇരുന്നതോടെയാണ് എൽ.ഡി.എഫ് ഏജൻറുമാർ പ്രതിഷേധവുമായി എത്തിയത്.
രണ്ടുപേർ ഇരിക്കാൻ പാടില്ലെന്ന്് പറഞ്ഞ് എൽ.ഡി.എഫ് ഏജൻറുമാർ പ്രതിഷേധിച്ചു. ഇത് ഏറെ നേരം ഒച്ചപ്പാടിനും ബഹളത്തിനും ഇടയാക്കി. പ്രിസൈഡിങ് ഓഫിസർ ജില്ല വരണാധികാരിയുമായി ബന്ധപ്പെട്ട് പ്രശ്നത്തിന് തീർപ്പുണ്ടാക്കി. ഒരാൾക്ക് ഇരിക്കാമെന്ന് പ്രിസൈസിങ് ഓഫിസർ പറഞ്ഞു. ഇതോടെ ലിൻഡയുടെ ചീഫ് ഏജൻറ് റോജസ് െസബാസ്റ്റ്യൻ ബൂത്തിലിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ല പൊലീസ് മേധാവി ഉൾപ്പെടെ സ്ഥലത്ത് എത്തിയിരുന്നു.
ഈ ബൂത്തിൽ കാലാകാലമായി യു.ഡി.എഫ് ഏജൻറുമാർ ഇരിക്കാറുണ്ടായിരുന്നില്ല. ബൂത്തിലിരുന്ന റോജസിന് സുരക്ഷ നൽകാനും കണ്ണൂർ റൂറൽ എസ്.പി ഡോ. നവനീത് ശർമ നിർദേശം നൽകി.