പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ്: തെളിവെടുപ്പ് തുടങ്ങി
text_fieldsകൂറ്റനാട്: പ്രവാസി വ്യവസായി വി.പി. മുഹമ്മദലിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യ പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ പൊലീസ് തെളിവെടുപ്പ് തുടരുന്നു. മുഹമ്മദലിയുടെ പിതൃസഹോദരന്റെ മകൻ മലപ്പുറം പൂങ്ങോട് പീടിയേക്കൽ വീട്ടിൽ സിയാസിനെയാണ് (54) പ്രത്യേക അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്യുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. ഡിസംബർ ആറിന് കൂറ്റനാട്-ചെറുതുരുത്തി റോഡിൽ തിരുമിറ്റക്കോട് കോഴിക്കാട്ടിരി പാലത്തിന് സമീപത്തുനിന്നാണ് മുഹമ്മദലി സഞ്ചരിച്ച ആഡംബര കാർ തടഞ്ഞുനിർത്തി തോക്കുചൂണ്ടി മറ്റൊരു കാറിൽ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്.
മുഹമ്മദലിയുടെ വാഹനത്തെ പിന്തുടർന്ന് എത്തിയ ക്രിമിനൽ സംഘമാണ് തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ചത്. ഡ്രൈവറുടെ മൊഴി പ്രകാരം പൊലീസ് ജില്ലക്കകത്തും പുറത്തും തിരച്ചില്‍ നടത്തുന്നതിനിനിടെയാണ് പ്രതികളിലൊരാളെ ഷൊർണൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതോടെയാണ് മറ്റ് പ്രതികളിലേക്കും മുഖ്യ പ്രതി സിയാസിലേക്കും അന്വേഷണം എത്തിയത്.
പൊലീസിന്റെ അന്വേഷണം തനിക്ക് നേരെയാണെന്ന് അറിഞ്ഞ സിയാസ് വിദേശത്തേക്ക് കടക്കുകയും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തെങ്കിലും പാലക്കാട് ജില്ല പൊലീസ് മേധാവി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം തന്ത്രപൂര്‍വം ഇയാളെ പിടികൂടുകയായിരുന്നു. മലപ്പുറം ജില്ലയിലെ എടവണ്ണയില്‍ ബന്ധുവീട്ടില്‍ നോമ്പുതുറക്ക് എത്തിയ സമയത്തായിരുന്നു പൊലീസ് ഇയാളെ പിടികൂടിയത്.
ഒരു കാലത്ത് മുഹമ്മദലിയുടെ വിശ്വസ്തനും അദ്ദേഹത്തിന്റെ പല ബിസിനസുകളും നോക്കിനടത്തുകയും ചെയ്തിരുന്ന ആളാണ് സിയാസ്. ഇതിനിടെ സിയാസ് നടത്തിവന്നിരുന്ന തട്ടിപ്പുകള്‍ 72കാരനായ മുഹമ്മദലി കണ്ടെത്തിയെന്നും ഇയാളെ ചുമതലകളില്‍നിന്ന് മാറ്റി നിർത്തിയെന്നും പറയുന്നു. ഇതോടെ സിയാസിന്റെ വരുമാനം നിലക്കുകയും കടക്കെണിയിലകപ്പെടുകയും ചെയ്തു. ഇതിന്റെ പക വീട്ടുന്നതിനും മുഹമ്മദലിയെ തട്ടിക്കൊണ്ടുപോയി വലിയൊരു തുക മോചനദ്രവ്യം ആവശ്യപ്പെട്ട് ബാധ്യതകള്‍ തീര്‍ക്കുന്നതിനും വേണ്ടിയാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതെന്നാണ് പറയപ്പെടുന്നത്. കുടുംബസമേതം സൗദിയിൽ താമസിക്കുന്ന മുഹമ്മദലിക്ക് കേരളത്തിനകത്തും പുറത്തും ആശുപത്രി ശ്യംഖലകളും സ്കൂളുകളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

