ബിസിനസ് ക്ലാസിൽ ഓണാവധിക്ക് നാട്ടിലെത്താം; ആലപ്പുഴ-ബംഗളൂരു സർവിസ് ആരംഭിക്കും
text_fieldsആലപ്പുഴ: ആലപ്പുഴയിൽനിന്ന് കെ.എസ്.ആർ.ടി.സിയുടെ ബിസിനസ് ക്ലാസ് സർവിസ് ആരംഭിക്കുന്നു. ആലപ്പുഴയിൽനിന്ന് ബംഗളൂരുവിലേക്കാണ് ആഢംബര സർവിസ്. ഓണക്കാല അവധിയാത്രകളിൽ നാട്ടിലേക്ക് എത്തേണ്ടവർക്ക് ഏറെപ്രയോജനമാകും പുതിയ സർവിസ്. ശൗചാലയം ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളും ബസിലുണ്ട്. വോൾവോ എ.സി ബസ് സെമി സ്ലീപ്പർ വിഭാഗത്തിൽപെടുന്നവയാണ്. എയർഹോസ്റ്റസ് മാതൃകയിൽ ബസ് ഹോസ്റ്റസും ബസിലുണ്ടാകും. വിമാനങ്ങളിലെ ബിസിനസ് ക്ലാസിനോട് കിടപിടിക്കുന്നതാണ് പുതിയ കെ.എസ്.ആർ.ടി.സി ആഡംബര ബസുകൾ. കെ.സി. വേണുഗോപാൽ എം.പിയുടെ ഇടപെടലിനെത്തുടർന്നാണ് ആലപ്പുഴക്ക് പുതിയ ബസ് ലഭിച്ചത്.
ഗതാഗതമന്ത്രി സി.പി. ജോണുമായി നടത്തിയ ചർച്ചക്ക് പിന്നാലെയാണ് സർവിസിന്‍റെ കാര്യത്തിൽ ഉറപ്പുലഭിച്ചത്. രണ്ട് ബസുകളാണ് സംസ്ഥാനത്ത് ഈവിഭാഗത്തിലുള്ളത്. അതിൽ ഒരുബസാണ് ആലപ്പുഴക്ക് ലഭിച്ചത്. ബസിന്റെ പെർമിറ്റ് നടപടികൾ അന്തിമഘട്ടത്തിലാണ്. നികുതിയിളവുകൾ കൂടി ലഭിച്ചശേഷം ഓണത്തിന് മുമ്പ് ബസ് സർവിസ് ആരംഭിക്കുമെന്നാണ് അറിയുന്നത്. നേരത്തെ ഇതേറൂട്ടിൽ കെ.എസ്.ആർ.ടി.സിക്ക് സർവിസ് ഉണ്ടായിരുന്നു. എന്നാൽ, ഇടക്ക് നിർത്തിവെക്കുകയായിരുന്നു. ബംഗളൂരുവിൽനിന്ന് ആലപ്പുഴയിലേക്ക് ബസുകളില്ലാതായിട്ട് വർഷങ്ങളായി. സ്വകാര്യബസുകളാണെന്നതിനാൽ മറ്റ് മാർഗമില്ലാതെ വലിയ നിരക്ക് നൽകി യാത്ര ചെയ്യാൻ പലരും നിർബന്ധിതരാകും.
ഓണക്കാലത്ത് മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ആലപ്പുഴയിലേക്ക് ആവശ്യത്തിന് കെ.എസ്.ആർ.ടി.സി ബസുകളില്ല. ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽനിന്നാണ് ജില്ലയിലേക്ക് ആവശ്യത്തിന് സർവിസുകളില്ലാത്തത്. ട്രെയിനുകളിലും നേരത്തെ ബുക്കിങ് ആയി. നേരത്തെ ആലപ്പുഴ വഴി 10ലധികം കെ.എസ്.ആർ.ടി.സി മൾട്ടി ആക്സിൽ ലക്ഷ്വറി ബസുകൾ സർവിസ് നടത്തിയെങ്കിലും നാമമാത്ര സർവിസുകളാണ് അവശേഷിക്കുന്നത്.
റൂട്ടുകൾ സ്വകാര്യബസുകൾക്ക് വിട്ടുകൊടുക്കാതെ, കെ.എസ്.ആർ.ടി.സിക്ക് പുതിയബസുകൾ എത്തുന്നതോടെ ആലപ്പുഴ വഴിയും ആലപ്പുഴയിൽനിന്ന് കൂടുതൽ പ്രീമിയം സർവിസുകൾ ആരംഭിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഉത്സവനാളുകളിൽ യാത്രക്കാർ പ്രത്യേകസർവിസിനായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യം അധികൃതർ ഗൗരവത്തിലെടുക്കാറില്ല. ഈദിവസങ്ങളിൽ ആലപ്പുഴ ഭാഗത്തേക്ക് സർവിസ് നടത്തുന്ന സ്വകാര്യബസുകളിൽ യാത്രചെയ്യണമെങ്കിൽ വൻനിരക്കാണ് ഈടാക്കുന്നത്. ഓണക്കാലത്തുപോലും ആലപ്പുഴയിലേക്ക് പ്രത്യേകബസ് സർവിസ് കെ.എസ്.ആർ.ടി.സി നടത്താറില്ല. ആലപ്പുഴവഴി പ്രത്യേക ട്രെയിൻ ഇല്ലാത്തതും യാത്രദുരിതം ഇരട്ടിയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

