ഹർത്താലിന് ബസ് ഒാടും, കടകളും ഹോട്ടലും തുറക്കും
text_fieldsകൊച്ചി/കോഴിക്കോട്: തിങ്കളാഴ്ച നടക്കുന്ന ഹർത്താലുമായി സഹകരിക്കേണ്ടതില്ലെന്ന് ബസ് ഒാപറേറ്റേഴ്സ് ഫെഡറേഷനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷനും തീരുമാനിച്ചു. അന്ന് സംസ്ഥാനത്തെ മുഴുവൻ ബസും സർവിസ് നടത്തുമെന്നും കടകളും ഹോട്ടലും റസ്റ്റാറൻറും തുറക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
ഡീസൽ വിലവർധനമൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബസുടമകൾക്ക് സർവിസ് നിർത്തിവെക്കാനാവില്ലെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് എം.ബി. സത്യനും ജനറൽ സെക്രട്ടറി ലോറൻസ് ബാബുവും പറഞ്ഞു. വ്യാപാര മേഖലയുമായി ഒരു ബന്ധവുമില്ലാത്ത സംഘടനകൾ നടത്തുന്ന ഹർത്താലുമായി സഹകരിക്കില്ലെന്നും കടകൾ തുറക്കുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ അറിയിച്ചു. അനിഷ്ട സംഭവങ്ങളുണ്ടായാൽ ഹർത്താൽ ആഹ്വാനം ചെയ്തവർ അതിന് ഉത്തരവാദികളായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ജി.എസ്.ടിയും വ്യാപാര മാന്ദ്യവും മൂലം പ്രതിസന്ധിയിലായ ഹോട്ടൽ മേഖലക്ക് അടിക്കടിയുള്ള ഹർത്താലുകൾ കനത്ത തിരിച്ചടിയാണെന്നും ഹർത്താലുകളിൽനിന്ന് ഹോട്ടൽ, റസ്റ്റാറൻറ് മേഖലയെയും ഒഴിവാക്കണമെന്നും ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് മൊയ്തീൻകുട്ടി ഹാജിയും ജനറൽ സെക്രട്ടറി ജി. ജയപാലും ആവശ്യപ്പെട്ടു.
അതേസമയം ആഴ്ചതോറും വിവിധ സംഘടനകൾ നടത്തുന്ന ഹർത്താലുകൾ വ്യാപാരമേഖലയെയും ജനജീവിതത്തെയും വളരെ ദോഷകരമായി ബാധിക്കുന്നതായി കേരള മർച്ചൻറ്സ് ചേംബർ ഓഫ് കോമേഴ്സ് (കെ.എം.സി.സി) ചൂണ്ടിക്കാട്ടി. തിങ്കളാഴ്ച ദലിത് സംഘടനകളുടെ പേരിൽ ആഹ്വാനം ചെയ്തിട്ടുള്ള ഹർത്താലുമായി സഹകരിക്കില്ലെന്ന് പ്രസിഡൻറ് വി.എ. യൂസഫ്, ജനറൽ സെക്രട്ടറി മുഹമ്മദ് സഗീർ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
