ബസുകളുടെ കാലാവധി 20 വര്‍ഷമാക്കും; കേരള മോട്ടോര്‍ വാഹനചട്ടങ്ങളില്‍ ഭേദഗതികള്‍ വരുന്നു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് സ്റ്റേജ് കാര്യേജുകളായി സര്‍വിസ് നടത്തുന്ന ബസുകള്‍ പെര്‍മിറ്റ് പ്രകാരം ഉപയോഗിക്കാവുന്ന കാലാവധി 20 വര്‍ഷമായി ദീര്‍ഘിപ്പിക്കാന്‍ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന് ഉത്തരവിട്ടു. നിലവില്‍ സ്റ്റേജ് കാര്യേജുകള്‍ക്ക് പെര്‍മിറ്റ് പ്രകാരം 15 വര്‍ഷമാണ് കാലാവധി. ഇതിനെതിരെ കേരളത്തിലെ ബസുടമ സംഘടനകള്‍ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.
മോട്ടോര്‍ വാഹന നിയമത്തിലെ വിവിധ ഭേദഗതികള്‍, കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച പ്രകാരമുള്ള ബസ് ബോഡി കോഡ് സംസ്ഥാനത്ത് നടപ്പാക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍, പൊതുഗതാഗത മേഖല നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ എന്നിവ കണക്കിലെടുത്താണ് തീരുമാനം. എന്നാല്‍, യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനും വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കാനും കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. കേരള മോട്ടോര്‍ വാഹനചട്ടങ്ങളില്‍ ഇതു സംബന്ധിച്ച് ഭേദഗതികള്‍ വരുത്തും. ചട്ടങ്ങളുടെ ഭേദഗതി നിലവില്‍വരുന്ന തീയതി മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും.
1999ൽ കൊല്ലം ജില്ലയിലെ കല്ലടത്തണ്ണിയിലുണ്ടായ ബസ് ദുരന്തത്തെത്തുടർന്നാണ് 2003ൽ കേരളത്തിൽ ബസുകളുടെ കാലപ്പഴക്കം 15 വർഷമായി നിശ്ചയിച്ച് ഉത്തരവിറക്കിയത്. കല്ലടത്തണ്ണിയിൽ അപകടത്തിൽപെട്ട ബസ് ആറുവർഷം മാത്രം പഴക്കമുള്ളതായിരുന്നെന്ന് ബസുടമകൾ ആരോപിച്ചിരുന്നു. കേരളത്തിൽ 15 വർഷം പൂർത്തിയാക്കുന്ന ബസുകൾ കർണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതായും ഇവർ പറയുന്നു. നിലവിലെ ഇന്ധന വിലവർധനയുടെ പശ്ചാത്തലത്തിൽ 15 വർഷത്തെ കാലാവധിയുമായി ബസ് സർവിസ് നടത്താനാകില്ലെന്നായിരുന്നു ബസ് ഉടമകളുടെ നിലപാട്. ഇക്കാര്യം സർക്കാറിനെ അറിയിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
