ബസ് ബോഡിക്ക് ഏകീകൃത കോഡ് : 337 വർക്ഷോപ്പുകൾ പൂട്ടി; 7000ത്തോളം ജീവനക്കാർ വഴിയാധാരം
text_fieldsകൊച്ചി: കേന്ദ്ര സർക്കാറിെൻറ ഏകീകൃത ബസ് കോഡ് നിയമം നിർബന്ധമാക്കിയപ്പോൾ സംസ്ഥാനത്ത് ജോലി നഷ്ടപ്പെട്ടത് 7000ത്തോളം തൊഴിലാളികൾക്ക്. 337 വർക്ഷോപ്പുകൾ അടച്ചുപൂട്ടി. പുതിയ നിയമപ്രകാരം ബോഡി നിർമിക്കാൻ എല്ലാ വർക്ഷോപ്പുകൾക്കും അനുവാദമില്ലാതായതാണ് തൊഴിലാളികളെ പെരുവഴിയിലാക്കിയത്. 2017 ഒക്ടോബർ ഒന്നിനാണ് നിയമം സംസ്ഥാനത്ത് കർശനമാക്കിയത്. ബസ് ബോഡി നിർമിച്ച് പുറത്തിറക്കാൻ ഓട്ടോമോട്ടിവ് റിസര്‍ച് അസോസിയേഷന് ഓഫ് ഇന്ത്യയുടെയോ (എ.ആര്.എ.ഐ) സെന്‍ട്രല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാന്സ്പോര്ട്ടിെൻറയോ സര്‍ട്ടിഫിക്കറ്റ് വേണം.
അപകടം കുറച്ച് സുരക്ഷാക്രമീകരണങ്ങള്‍ക്ക് സമാനരൂപം നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ ഏകീകൃത ബസ് കോഡ് അവതരിപ്പിച്ചത്. എ.ആർ.എ.ഐ സർട്ടിഫിക്കറ്റോടെ ഓൾ ഇന്ത്യ സ്റ്റാൻഡേർഡ്-052 നിബന്ധനകൾ പാലിച്ച് ബസ് ബോഡി നിർമിക്കുന്ന വർക്ഷോപ്പുകൾക്ക് മാത്രമെ പ്രവർത്തിക്കാനാകൂ എന്ന അവസ്ഥ വന്നു. കോട്ടയത്തെ സ്വകാര്യ വർക്ഷോപ്പ് മാത്രമാണ് ഇത്തരത്തിലുണ്ടായിരുന്നത്. അവിടെ നിന്നുള്ള വാഹനങ്ങൾക്ക് മാത്രമാണ് മോട്ടോർവാഹന വകുപ്പ് രജിസ്ട്രേഷൻ അനുവദിച്ചത്. ഇതോടെ മറ്റെല്ലാ സ്ഥാപനങ്ങൾക്കും താഴുവീണു. എ.ആർ.എ.ഐ സർട്ടിഫിക്കേഷനുള്ള സ്ഥാപനങ്ങൾക്ക് ബോഡി നിർമിക്കാമെന്ന് കഴിഞ്ഞ മേയിൽ ഉത്തരവ് വന്നതോടെ 15 വർക്ഷോപ്പുകൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
തിരുവനന്തപുരം -ഒന്ന്, കൊല്ലം -ഒന്ന്, കോട്ടയം -ഒന്ന്, എറണാകുളം -മൂന്ന്, തൃശൂർ -ഒന്ന്, പാലക്കാട് -മൂന്ന്, മലപ്പുറം -നാല്, കണ്ണൂർ -ഒന്ന് എന്നിങ്ങനെയാണ് വർക്ഷോപ്പുകളുടെ എണ്ണം. ബസ് കോഡ് പാലിച്ചിട്ടുണ്ടെന്നും എ.ഐ.എസ് നിബന്ധനപ്രകാരമുള്ള ഉൽപന്നങ്ങളാണ് ഉപയോഗിച്ചതെന്നും സ്വയം സാക്ഷ്യപ്പെടുത്തി രേഖ ഹാജരാക്കിയാൽ മതി. ഇത് മോട്ടോർ വാഹന വകുപ്പ് അധികൃതർ പരിശോധിച്ച് രജിസ്ട്രേഷൻ നൽകും. അതേസമയം, ഒക്ടോബറിന് മുമ്പ് ബോഡി നിർമിച്ച 60 ബസുകൾ പുറത്തിറക്കാനാവാതെ കിടക്കുന്നതായി അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ഷോപ്പ് കേരള ജനറൽ സെക്രട്ടറി കെ.ജി. ഗോപകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇൗ ബസുകൾക്ക് രജിസ്ട്രേഷൻ ലഭിക്കാൻ കേന്ദ്രസർക്കാറിനെ സമീപിച്ചതായി ഗതാഗത കമീഷണർ കെ. പത്മകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
അതേസമയം, ഏതാനും വർക്ഷോപ്പുകൾക്കു കൂടി സർട്ടിഫിക്കേഷൻ ലഭിക്കാൻ ഇടപെട്ടുവരികയാെണന്നും അടഞ്ഞുകിടക്കുന്നത് വലിയ ബുദ്ധിമുട്ടാണ് തൊഴിലാളികൾക്കും ഉടമകൾക്കും സൃഷ്ടിച്ചിരിക്കുന്നതെന്നും കെ.ജി. ഗോപകുമാർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
