ബസ് യാത്ര: അയൽ സംസ്ഥാനങ്ങൾ നിരക്ക് കുറച്ച് മത്സരിക്കുന്നു
text_fieldsെകാച്ചി: അയൽ സംസ്ഥാനങ്ങൾ പൊതുഗതാഗത സംവിധാനത്തിലേക്ക് ആകർഷിക്കാൻ മത്സരിക്കുേമ്പാൾ കേരളത്തിൽ ബസ് നിരക്ക് വർധിപ്പിച്ച് ചൂഷണം. അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബസ് യാത്ര നിരക്ക് ഏറ്റവും കൂടുതൽ കേരളത്തിലാണ്. തമിഴ്നാട്ടിൽ കഴിഞ്ഞമാസം വർധിപ്പിച്ച നിരക്ക് ദിവസങ്ങൾക്കുള്ളിൽ പിൻവലിച്ചിരുന്നു.
ഏറ്റവും ഒടുവിലെ വർധനയിൽപോലും അയൽ സംസ്ഥാനങ്ങളിൽ മിനിമം നിരക്ക് അഞ്ചുരൂപയിൽ കടന്നിട്ടില്ല. തമിഴ്നാട്ടിൽ മെട്രോ പോളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ ജനുവരിയിൽ മിനിമം നിരക്ക് അഞ്ച് രൂപയാക്കിയെങ്കിലും നാലായി കുറച്ചു. പരമാവധി നിരക്ക് 22 രൂപയാണ്. മൊഫ്യൂസൽ ബസുകളിൽ കിലോമീറ്റർ നിരക്ക് എക്സ്പ്രസിന് 75 പൈസയും ഡീലക്സിന് 85 പൈസയും അൾട്രാ ഡീലക്സിന് ഒരു രൂപയുമാണ്. എ.സി ബസിന് കിലോമീറ്റർ നിരക്ക് 1.30 രൂപ. ആറ് വർഷത്തിന് ശേഷം വർധിപ്പിച്ച നിരക്കുകളാണ് തമിഴ്നാട് കുറച്ചത്. സി.പി.എം അടക്കം സംഘടനകൾ നിരക്ക് വർധനക്കെതിരെ രംഗത്തെത്തിയിരുന്നു.
കർണാടകയിൽ ഒാർഡിനറി ബസിൽ അഞ്ചുരൂപയാണ് മിനിമം നിരക്ക്. കുട്ടികൾ മൂന്നും മുതിർന്ന പൗരന്മാർ നാലും രൂപ നൽകിയാൽ മതി. കേരളത്തിൽ ഒാർഡിനറി ബസിന് എട്ട് രൂപയാക്കിയപ്പോൾ കർണാടകയിൽ ആധുനിക സൗകര്യങ്ങളുള്ള എ.സി ബസിന് മിനിമം നിരക്ക് 10 രൂപയേ ഉള്ളൂ. ഇതിന് പുറമെ വ്യത്യസ്ത യാത്ര പാസുകളും ബംഗളൂരു മെട്രോ ടാൻസ്പോർട്ട് കോർപറേഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. മൊഫ്യൂസൽ സർവിസുകൾക്ക് 360 രൂപയിലും സിറ്റി സർവിസുകൾക്ക് 565 രൂപയിലും തുടങ്ങുന്ന പ്രതിമാസ പാസുകളാണുള്ളത്. ദിനേന പാസുകൾ, മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിയുള്ളവർക്കും ആകർഷക നിരക്കിളവുകൾ എന്നിവയുമുണ്ട്.
ഏഴാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് പ്രതിവർഷം 10 മാസം യാത്ര സൗജന്യമാണ്. മറ്റ് വിദ്യാർഥികൾക്ക് ഗണ്യമായ നിരക്കിളവോടെ 10 മാസത്തേക്കും അഞ്ച് മാസത്തേക്കും പാസ് അനുവദിക്കുന്നു. ആന്ധ്രപ്രദേശിൽ മിനിമം ചാർജ് കഴിഞ്ഞ ആഗസ്റ്റിൽ അഞ്ച് രൂപയായി കുറച്ചു. അതുവരെ മെട്രോ സർവിസുകളിൽ എട്ടും സിറ്റി സർവിസുകളിൽ ഏഴും രൂപയായിരുന്നു. ചെറുവാഹനങ്ങളുടെ എണ്ണം കൂടിയതോടെ യാത്രക്കാരെ പൊതുഗതാഗത സംവിധാനം ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു നടപടിയുടെ ലക്ഷ്യം.
ഇന്ധന, സ്പെയർ പാർട്സ് വില ഉൾപ്പെടെ കേരളത്തിൽ നിരക്ക് വർധനക്ക് ആധാരമായി പറയുന്ന കാര്യങ്ങളെല്ലാം മറ്റ് സംസ്ഥാനങ്ങൾക്കും ബാധകമാണെന്നിരിക്കെ കുറഞ്ഞ നിരക്കിൽ ലാഭകരമായി സർവിസ് നടത്തുന്നു എന്നതും ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
