ബസ് ജീവനക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ച യാത്രക്കാരൻ അറസ്റ്റിൽ
text_fieldsപത്തിരിപ്പാല: സ്വകാര്യബസ് ജീവനക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ച ബസ് യാത്രക്കാരൻ അറസ്റ്റിൽ. കണ്ണമ്പ്ര കാരപറ്റ പടിഞ്ഞാറുമുറി സുജീഷിനെയാണ് (30) മങ്കര എസ്.ഐ പ്രകാശൻ അറസ്റ്റ് ചെയ്തത്. കുത്തേറ്റ സ്വകാര്യബസ് ക്ലീനർ ചേലക്കര കുളപ്പാറകുന്ന് സുധീഷിനെ (32) കൈക്ക് സാരമായി പരിക്കേറ്റ് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട്-പത്തിരിപ്പാല-ഷൊർണൂർ റൂട്ടിൽ സർവിസ് നടത്തുന്ന ഫ്ലൈവെൽ ബസിലാണ് സംഭവം.
ബുധനാഴ്ച വൈകീട്ട് മേലാമുറിയിൽനിന്ന് പട്ടാമ്പിയിലേക്ക് പോകാൻ ബസിൽകയറിയ സുജീഷ് പട്ടാമ്പിയിലേക്ക് ടിക്കറ്റെടുത്തു. എന്നാൽ, കല്ലേക്കാട് നിർത്തി ഒരു സാധനം വാങ്ങാൻ സമയം തരണമെന്ന് പറഞ്ഞത്രേ. തുടർന്ന്, ഇയാളെ കല്ലേക്കാട് ഇറക്കി. എന്നാൽ, തിരിച്ചുവരാത്തതിനാൽ ബസ് പുറപ്പെട്ടു. ബസ് പറളി ചന്തപ്പുരക്ക് സമീപം എത്തിയപ്പോൾ പിറകെയെത്തിയ ഇയാൾ ബസിന് മുന്നിൽ ബൈക്ക് നിർത്തി തടഞ്ഞുനിർത്തി. തുടർന്ന്, കത്തിയെടുത്ത് ക്ലീനറെ കുത്തുകയായിരുന്നു.
പിറകിൽ വന്ന മറ്റൊരു ബസിൽ കയറി രക്ഷപ്പെട്ടു. 2015ൽ വടക്കഞ്ചേരിയിൽ സി.പി.എം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ഇയാൾ ഒന്നാംപ്രതിയാെണന്ന് പൊലീസ് പറഞ്ഞു. മറ്റ് രണ്ടുകേസിലും പ്രതിയാണ്. കൊലപാതകകേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതാണ്. മങ്കര എസ്.ഐ പ്രകാശൻ, സ്പെഷൽ ബ്രാഞ്ച് എ.എസ്.ഐ മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
