Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘വാക്കൗട്ടിൽ’ ഡ്രൈവർക്ക് വീട്ടിലിരിക്കാം: നടുറോഡിൽ ബസ് നിർത്തി ഇറങ്ങിപ്പോയ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

text_fields
bookmark_border
‘വാക്കൗട്ടിൽ’ ഡ്രൈവർക്ക് വീട്ടിലിരിക്കാം: നടുറോഡിൽ ബസ് നിർത്തി ഇറങ്ങിപ്പോയ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി
cancel

കാക്കനാട്: സർവിസ് നടത്തുന്നതിനിടെ ക്ലീനറുമായി വഴക്കിട്ട ഡ്രൈവർ സ്വകാര്യ ബസ് നടുറോഡിൽ നിർത്തി ഇറങ്ങിപ്പോയ സംഭവത്തിൽ ഡ്രൈവർ തൃശൂർ സ്വദേശി എൽ.എം. രജീഷിന്റെ ലൈസൻസ് മൂന്ന് മാസത്തേക്ക് ആർ.ടി.ഒ സസ്പെൻഡ് ചെയ്തു. കളമശേരി-തേവര റൂട്ടിൽ സർവിസ് നടത്തുന്ന ‘കൃതിക’ ബസിൽ രണ്ടു ദിവസം മുമ്പാണ് ഡ്രൈവറും ക്ലീനറുമായി തർക്കം നടന്നത്. ഇടപ്പള്ളി ജങ്ഷനിലായിരുന്നു സംഭവം നടന്നത്. തർക്കം രൂക്ഷമായപ്പോൾ ബസ് വഴിയിലുപേക്ഷിച്ചു ഡ്രൈവർ ഇറങ്ങിപ്പോവുകയായിരുന്നു. മറ്റു ജീവനക്കാർക്ക് ഡ്രൈവിങ് അറിയാത്തതിനാൽ ബസ് റോഡിൽ നിന്നും മാറ്റാൻ സാധിച്ചില്ല.

തുടർന്ന് പൊലീസെത്തി ബസ് നീക്കുകയും ബസ് ഡ്രൈവറെ കണ്ടെത്തുകയുമായിരുന്നു. പിന്നീട് മറ്റൊരു ഡ്രൈവറെത്തിയാണ് ബസ് സർവിസ് പുനരാരംഭിച്ചത്. മോട്ടോർ വാഹന വകുപ്പ് കേസെടുത്തപ്പോൾ ഡ്രൈവർ വിശദീകരണം നൽകിയെങ്കിലും തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മൂന്ന് മാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്തതെന്ന് ആർ.ടി.ഒ കെ.ആർ. സുരേഷ് പറഞ്ഞു. ബസിനെതിരെ കൈക്കൊള്ളേണ്ട നടപടി ആർ.ടി.എ ബോർഡ് തീരുമാനിക്കുമെന്നും ആർ.ടി.ഒ പറഞ്ഞു.

അതേസമയം, ബസ് ഓടിക്കുന്നതിനാൽ റോഡിന്റെ തമ്പുരാനാണ് ഡ്രൈവർ എന്നർഥമില്ലെന്ന് ഹൈകോടതി. വാഹനങ്ങൾ അശ്രദ്ധമായി ഓടിക്കുന്നതും കഴിഞ്ഞ ദിവസം ബസ് ജീവനക്കാരൻ റോഡിൽ വഴിതടഞ്ഞ് അതിക്രമം കാട്ടിയതും ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം പറഞ്ഞത്. റോഡ് സുരക്ഷ സംബന്ധിച്ച് കഴിഞ്ഞ വർഷം ജൂലൈയിൽ നൽകിയ റിപ്പോർട്ട് പ്രകാരം സ്വീകരിച്ച നടപടികൾ സംബന്ധിച്ച് കൊച്ചി സിറ്റി പൊലീസ് കമീഷണർ റിപ്പോർട്ട് നൽകാനും ഹൈകോടതി നിർദേശിച്ചു. ദേശീയപാതയിൽ എട്ടു കുട്ടികൾ മരിച്ചു, അശ്രദ്ധമൂലം എത്ര അപകടങ്ങളാണുണ്ടാകുന്നത്? ഭാരവാഹനങ്ങൾ വേണം. എന്നാൽ, അവർക്ക് കൊല്ലാനും പരുക്കേൽപിക്കാനും അവകാശമുണ്ടെന്ന് അർഥമില്ലെന്നും കോടതി പറഞ്ഞു.

ബസ് ഡ്രൈവർമാരെ ഉപദ്രവിക്കാനല്ല ഇതൊക്കെ പറയുന്നത്. എന്നാൽ, കുട്ടികളും പ്രായമായവരും അടക്കം നമ്മളെല്ലാവരും വീട്ടിൽ മടങ്ങിയെത്തണം. റോഡുകൾ കൊലക്കളങ്ങളാകരുതെന്നും കോടതി പറഞ്ഞു. ഭാരവാഹനങ്ങൾ തന്നിഷ്ടംപോലെയാണു റോഡിൽ സഞ്ചരിക്കുന്നത്. സമയം പാലിക്കണമെന്ന കാരണം പറഞ്ഞാണ് ഇതൊക്കെ കാട്ടിക്കൂട്ടുന്നത്. റോഡിൽ മനുഷ്യർക്കു നടക്കാനും കാറോടിക്കാനും പറ്റാത്ത അവസ്ഥയിലായി. ഇടതുവശത്തുകൂടെ, ഓടിക്കണമെന്നു നിർദേശമുള്ളപ്പോൾ സ്വകാര്യ ബസുകൾക്ക് എങ്ങനെ ഓവർടേക്ക് ചെയ്യാനാവുമെന്നു മനസ്സിലാകുന്നില്ല. നഗരത്തിൽ അമിതവേഗമല്ല, അശ്രദ്ധയാണ് പ്രശ്നമെന്നും കോടതി പറഞ്ഞു.

റോഡ് സുരക്ഷിതമാക്കാനായി നടപടികൾ സംബന്ധിച്ച് കഴിഞ്ഞ വർഷം ജൂലൈയിൽ കോടതിയിൽ അസി. കമീഷണർ നൽകിയ റിപ്പോർട്ട് പ്രകാരമുള്ള നടപടികൾ ഫലപ്രദമായി നടപ്പാക്കാത്തതിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു. ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം എന്നൊക്കെ പറഞ്ഞിട്ട് എന്തായി? ബസ് ജീവനക്കാർക്ക് പൊലീസ് വെരിഫിക്കേഷനും സ്വഭാവ സർട്ടിഫിക്കറ്റും നിർബന്ധമാക്കുമെന്ന് പറഞ്ഞിട്ട് എന്തായി. നിയമലംഘനങ്ങൾ സംബന്ധിച്ച് അറിയിക്കാൻ വാട്സാപ് നമ്പറും ബസുകളിൽ പതിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ നിലവിലെ സ്ഥിതിയെന്താണെന്നും കോടതി ആരാഞ്ഞു. അസി. കമീഷണർ റിപ്പോർട്ടിൽ പറഞ്ഞിരുന്ന കാര്യങ്ങൾ നടപ്പാക്കണമെന്നും കോടതി നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Driver can stay home after ‘walkout’: License of driver who stopped bus in the middle of the road and walked away cancelled
Next Story