പെൺസുഹൃത്തിന്‍റെ വീട്ടിൽനിന്നും വിളിച്ചിറക്കി സദാചാര ഗുണ്ടകളുടെ മർദനം; ബസ് ഡ്രൈവർ മരിച്ചു
text_fieldsസഹർ
തൃശൂർ: തിരുവാണിക്കാവിൽ പെൺസുഹൃത്തിന്‍റെ വീട്ടിൽനിന്നും വിളിച്ചിറക്കി സദാചാര ഗുണ്ടകൾ ക്രൂരമായി മർദിച്ച ബസ് ഡ്രൈവർ മരിച്ചു. ചേർപ്പ് സ്വദേശി സഹർ (32) ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപ്രതിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സഹറിനെ ആക്രമിക്കുന്നത് സമീപത്തെ ക്ഷേത്രത്തിലെ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഫെബ്രുവരി 18ന് ശിവരാത്രിയിൽ ചിറയ്ക്കല്‍ തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപത്തുവെച്ചായിരുന്നു സംഭവം. തൃശൂർ - തൃപ്രയാർ റൂട്ടിലെ സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു അവിവാഹിതനായ സഹർ. രാത്രി 12ന് തങ്ങളുടെ പ്രദേശത്ത് യുവാവിനെ കണ്ടത് ആറംഗ സംഘം ചോദ്യം ചെയ്യുകയും ക്രൂരമായി മർദിക്കുകയായിരുന്നു.
വീട്ടിലെത്തി കിടന്നെങ്കിലും പുലർച്ചെ കടുത്ത വേദന ആരംഭിച്ചു. ആദ്യം കരാഞ്ചിറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും ആരോഗ്യനില മെച്ചപ്പെട്ടില്ല. ക്രൂര മർദനത്തിൽ സഹറിന്റെ ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്കേറ്റിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽനിന്നും വെന്‍റിലേറ്ററിലേക്ക് മാറ്റുകയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു. തുടർന്ന് ഇന്ന് ജീവൻ നഷ്ടമാകുകയായിരുന്നു.
സംഭവത്തിൽ ആറു പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇവർ ഇപ്പോഴും ഒളിവിലാണ്. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തും.