ഉടമകൾ ബസ് ചാർജ് വർധന ആവശ്യം ഉപേക്ഷിക്കുന്നു
text_fieldsതൃശൂർ: സ്വകാര്യ ബസുടമകൾ നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യം ഉപേക്ഷിക്കുന്നു. നിരക്ക് വർധിപ്പിക്കുന്നത് യാത്രക്കാരെ ബസിൽ നിന്ന് അകറ്റും എന്ന വിലയിരുത്തലിലാണ് പ്രധാന ആവശ്യത്തിൽ നിന്നുള്ള ബസുടമകളുടെ പിന്മാറ്റം. പകരം, ബദൽ നിർദേശങ്ങളാണ് ബസുടമകൾ മുന്നോട്ടു വെക്കുന്നത്. ഇന്ധനവില വർധന മൂലംപ്രതിസന്ധിയിലായ ബസ് വ്യവസായം പിടിച്ചു നിറുത്താനുള്ള ഏക മാർഗം നിരക്ക് വർധന മാത്രമാണെങ്കിലും ്്പ്രളയം വഴി സർവതും നഷ്ടപ്പെട്ട കേരളത്തിെൻറ ഇപ്പോഴത്തെ സാഹചര്യം അതിന് അനുകൂലമല്ല. മാത്രവുമല്ല, ഇപ്പോൾ തന്നെ വൻതോതിൽ കുറഞ്ഞ യാത്രക്കാരുടെ എണ്ണം ഇനിയും നിരക്ക് വർധിപ്പിച്ചാൽ വീണ്ടും കുറയും. ഈ പഴുതിലൂടെ സ്വകാര്യ വാഹനങ്ങൾ പെരുകും.
ഈ സാഹചര്യത്തിലാണ് നിരക്ക് വർധനവ് എന്ന ആവശ്യത്തെ ഉപേക്ഷിച്ച് ബദൽ നിർദേശങ്ങൾ അവതരിപ്പിക്കുന്നത്. പ്രധാന ബദൽ നിർദേശങ്ങൾ ഇവയാണ്: ഇന്ധനത്തിന് സബ്സിഡി, നികുതിയിളവ്, 15വർഷമെന്ന കാലാവധി ദീർഘിപ്പിക്കൽ, കെ.എസ്.ആർ.ടി.സിയിൽ ഇപ്പോൾ നടപ്പിലാക്കിയ സിംഗിൾ ഡ്യൂട്ടി പരിഷ്കാരത്തിനൊപ്പം റൂട്ടുകളിലും ക്രമീകരണം, ഈ റൂട്ടുകളിൽ സ്വകാര്യ ബസുകൾക്ക് പെർമിറ്റ്, ഇൻഷൂറൻസ് പ്രീമിയം കുറക്കുക, ടോളുകളിൽ നിന്ന് ഒഴിവാക്കുക, പൊതുവാഹനമായതിനാൽ കേന്ദ്ര-സംസ്ഥാന നികുതികളിൽ ഇളവ് വരുത്തുക, സൗജന്യ യാത്രകൾക്ക് നിയന്ത്രണം വരുത്തുക, ബസുടമകൾക്ക് ക്ഷേമനിധി ഏർപ്പെടുത്തുക, റോഡുകളുടെ ശോച്യാവസ്ഥ അടിയന്തര പ്രാധാന്യത്തോടെ കുറ്റമറ്റതാക്കുക.
ഇവ സർക്കാറിന് ആലോചിക്കാവുന്നതാണെന്ന് ബസുടമകൾ പറയുന്നു. ഇക്കാര്യങ്ങളെ സർക്കാർ എങ്ങനെ സമീപിക്കുമെന്നതിനെ അടിസ്ഥാനമാക്കി തുടർ നടപടികൾ ആലോചിക്കാനാണ് ബസുടമകളുടെ തീരുമാനം. ഈയാഴ്ച മുഖ്യമന്ത്രിയെ കണ്ട് നിർദേശങ്ങളടങ്ങിയ നിവേദനം നൽകുമെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന ട്രഷറർ ഹംസ എരിക്കുന്നൻ 'മാധ്യമ'ത്തോട് പറഞ്ഞു.
ജി-ഫോം നൽകി അറ്റക്കുറ്റപ്പണികൾക്കെന്ന പേരിൽ നികുതിയൊടുക്കാതെ കയറ്റിയിടാനുള്ള തീരുമാനത്തിലാണ് നിലവിൽ ബസുടമകൾ. സെപ്റ്റംബർ 30ന് നിലവിലെ നികുതിയൊടുക്കിയ കാലാവധി അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
