മാക്കൂട്ടം ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ബസ് കത്തിനശിച്ചു
text_fieldsമാക്കൂട്ടം ചുരത്തിൽ കത്തിനശിച്ച ടൂറിസ്റ്റ് ബസ്
ഇരിട്ടി: മാക്കൂട്ടം ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസ് പൂർണമായും കത്തിനശിച്ചു. യാത്രക്കാരെ ഇറക്കി വരുന്ന സമയമായതിനാൽ വൻ ദുരന്തം ഒഴിവായി. അപകട സമയത്ത് ബസിൽ ഡ്രൈവറും സഹായിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇവർ ബസിൽനിന്ന് പുറത്തേക്കുചാടി രക്ഷപ്പെട്ടു. വീരാജ്പേട്ടയിൽനിന്ന് ഇരിട്ടി ഭാഗത്തേക്ക് വരുകയായിരുന്ന ബസാണ് ചുരത്തിലെ ഹനുമാൻ സ്വാമി ക്ഷേത്രത്തിന് സമീപത്തുവെച്ച് കത്തിയത്. മട്ടന്നൂരിൽനിന്ന് വീരാജ്പേട്ടയിലേക്ക് യാത്രക്കാരുമായി പോയതായിരുന്നു ബസ്. കർണാടകത്തിലെ വിവിധ സ്ഥലങ്ങളിൽ ജോലിചെയ്യുന്നവരും വിദ്യാർഥികളുമായിരുന്നു ബസിലെ യാത്രക്കാർ. തിങ്കളാഴ്ച രാവിലെ ആറോടെ ഓട്ടത്തിനിടയിൽ ക്ഷേത്രത്തിന് സമീപത്തെ വളവിൽ വെച്ച് തീപിടിക്കുകയായിരുന്നു. ഡ്രൈവർ കളറോഡ് സ്വദേശി ഷമീർ, സഹായി മാലൂർ സ്വദേശി സുഹൈൽ എന്നിവരാണ് ബസിലുണ്ടായിരുന്നത്.
ബസിന്റെ പിറകിൽനിന്ന് എന്തോ പൊട്ടിയതായി കേൾക്കുകയും ഉടൻ തീ ആളിപ്പടരുകയായിരുന്നെന്നും ഡ്രൈവർ ഷമീർ പറഞ്ഞു. ഇവിടെ മൊബൈൽ നെറ്റ് വർക്കില്ലാത്തതിനാൽ ഇതുവഴി വന്ന വാഹനങ്ങളിലെ ആളുകളോട് അഗ്നിരക്ഷാ സേനയെ വിവരമറിയിക്കാൻ പറയുകയായിരുന്നു. ഏകദേശം ഒരു മണിക്കൂറോളം ബസ് കത്തിയപ്പോഴാണ് ഇരിട്ടിയിൽനിന്നും ഗോണിക്കുപ്പയിൽനിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തിയത്.
അപ്പോഴേക്കും ബസ് പൂർണമായും കത്തിയിരുന്നു. നീർവേലി സ്വദേശി പി.കെ. ജംഷീറാണ് ബസിന്റെ ഉടമസ്ഥൻ. ബസിലുണ്ടായിരുന്ന വാടക ഉൾപ്പെടെയുള്ള പണവും കത്തിനശിച്ചിട്ടുണ്ട്. ബസ് കത്തിയതിനെത്തുടർന്ന് മാക്കൂട്ടം ചുരം പാതയിലൂടെയുള്ള ഗതാഗതം രണ്ടുമണിക്കൂറോളം തടസ്സപ്പെട്ടു. ഇരിട്ടി അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫിസർ കെ. വിജീഷ്, ലീഡിങ് ഫയർമാൻ ഡ്രൈവർ മത്തായി, ഫയർമാന്മാരായ കെ. സജീഷ്, ആഷിഷ്, ബെന്നി എന്നിവരും അഗ്നിരക്ഷാ സംഘത്തിലുണ്ടായിരുന്നു. 35 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

