കെനിയയിലെ വാഹനാപകടം; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കും
text_fields1. കെനിയയിൽ അപകടത്തിൽപ്പെട്ട ബസ് 2. മരിച്ച റിയ ആൻ, മകൾ ടൈറ, ജസ്ന കുറ്റിക്കാട്ടുചാലിൽ, മകൾ റൂഹി മെഹ്റിൻ, ഗീത ഷോജി ഐസക്,
കൊച്ചി: ഖത്തറിൽനിന്ന് കെനിയയിലേക്ക് പോയ വിനോദയാത്രാസംഘം സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കും. മുവാറ്റുപുഴ സ്വദേശിനി ജസ്‌ന (29), മകൾ റൂഹി മെഹ്റിൻ (ഒന്നര വയസ്സ്), മാവേലിക്കര ചെറുകോൽ സ്വദേശിനി ഗീത ഷോജി ഐസക്ക് (58), പാലക്കാട് മണ്ണൂർ സ്വദേശിനി റിയ ആൻ (41), മകൾ ടൈറ റോഡ്രിഗസ് (7) എന്നിവരുടെ മൃതദേഹങ്ങളാണ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാത്താവളത്തിൽ എത്തിക്കുക.
സാങ്കേതിക പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച സാഹചര്യത്തിൽ ശനിയാഴ്ച വൈകീട്ട് കെനിയയിൽനിന്ന് കൊണ്ടുവരുന്ന മൃതദേഹങ്ങൾ ഞായറാഴ്ച രാവിലെ എട്ടുമണിയോടെ വിമാത്താവളത്തിലെത്തും. കെനിയയിൽനിന്ന് കൊണ്ടുവരുന്ന ഭൗതിക ശരീരങ്ങൾക്കും ഒപ്പമുള്ള ബന്ധുക്കൾക്കും ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിന് 'യെല്ലോ വാക്‌സിൻ സർട്ടിഫിക്കറ്റ്' വേണമെന്ന നിബന്ധനയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവേഗ ഇടപെടിലിനെ തുടർന്ന് കേന്ദ്രസർക്കാർ പ്രത്യേക ഇളവ് അനുവദിച്ചു. കെനിയയിൽനിന്ന് ഖത്തറിലേക്ക് വിമാനം പുറപ്പെടുന്നതിന് ഏതാനും മണിക്കൂർ മുൻപ് മാത്രമാണ് യെല്ലോ ഫീവർ വാക്‌സിൻ സർട്ടിഫിക്കറ്റ് അനിവാര്യമാണെന്ന് ട്രാവൽ ഏജൻസി അധികൃതർ വ്യക്തമാക്കിയത്.
സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മൃതദേഹങ്ങൾ നോർക്ക റൂട്ട്‌സ് ഏറ്റുവാങ്ങും. ഇവിടെനിന്ന് മൃതദേഹങ്ങൾ വീടുകളിലേക്ക് കൊണ്ടുപോകും. മരണപ്പെട്ടവരുടെ ബന്ധുക്കളും വിമാനത്തിൽ ഒപ്പമുണ്ടാകും. ജൂൺ ഒൻപതിനാണ് വിനോദസഞ്ചാരത്തിനെത്തിയ 28 പേരടങ്ങുന്ന ഇന്ത്യൻസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽപെട്ടത്. ഖത്തറിൽനിന്ന് വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു ഇവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

