തീപിടിച്ച കപ്പൽ ചെരിയുന്നു, കൂടുതൽ കണ്ടെയ്നറുകൾ കടലിൽ വീണു; 157 കണ്ടെയ്‌നറുകളിൽ അതീവ അപകടകരമായ വസ്തുക്കള്‍, കൊച്ചിയിൽ അടിയന്തര യോഗം
text_fieldsകോഴിക്കോട്: കേരള തീരത്ത് തീപിടിച്ച എം.വി വാൻഹായ് 503 എന്ന ചരക്ക് കപ്പലിലെ തീ ഒരു ദിവസം പിന്നിട്ടിട്ടും തീയണക്കാനാകുന്നില്ല. നാവിക സേനയുടെയും കോസ്റ്റ് ഗാർഡിന്റെയും കപ്പലുകൾ തീയണക്കാനായി തീവ്ര ശ്രമം തുടരുകയാണ്. ഇതിനിടെ കപ്പൽ ഇടതുവശത്തേക്ക് ചെരിയുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 15 ഡിഗ്രി വരെ ചരിഞ്ഞ കപ്പലിൽ നിന്ന് കൂടുതൽ കണ്ടെയ്നറുകൾ കടലിൽ വീണതായി റിപ്പോര്‍ട്ടുണ്ടെന്നും കോസ്റ്റ്ഗാര്‍ഡ് വ്യക്തമാക്കുന്നു.
അതേസമയം, കപ്പലിലെ 157 കണ്ടെയ്നറുകളിൽ അതീവ അപകടരമായ വസ്തുക്കളാണ് ഉള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അപകടകരമായ വസ്തുക്കളുടെ കാർഗോ മാനിഫെസ്റ്റ് ഔദ്യോഗികമായി പുറത്തുവിട്ടു. തീപിടിക്കുന്നതും, വെള്ളവുമായി കലർന്നാൽ അപകടരമാകുന്നതുമായ രാസവസ്തുക്കൾ കപ്പലിലുള്ളത്.
പൊട്ടിത്തെറിക്കാന്‍ ഇടയുള്ളതും അല്ലാത്തതുമായ ആയിരക്കണക്കിന് ലിറ്റര്‍ രാസവസ്തുക്കളും ഇന്ധനവുമാണ് കണ്ടെയ്‌നറുകളിലുള്ളത്. പരിസ്ഥിതിക്കും ജീവജാലങ്ങള്‍ക്കും കടുത്ത ആഘാതമേല്‍പ്പിക്കുന്നവയടക്കം ഇതിലുണ്ട്. ട്രൈക്ലോറോബെന്‍സിന്‍, ട്രൈഈഥൈലിന്‍ ടെട്രാമൈന്‍, ഡയാസിറ്റോണ്‍ ആൽക്കഹോള്‍,ബെന്‍സോഫീനോണ്‍, നൈട്രോസെല്ലുലോസ്, തീപിടിക്കുന്ന റെസിന്‍, കീടനാശിനികള്‍, പെയിന്റ് തുടങ്ങിയ വസ്തുക്കള്‍ ടണ്‍ കണക്കിനാണ് കണ്ടെയ്‌നറുകളിലുള്ളത്.
കപ്പൽ അപകടത്തിൽ പൊള്ളലേറ്റ് മംഗലാപുരത്തെ ആശുപത്രിയിലുള്ള ആറു പേരിൽ രണ്ടു പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
അതിനിടെ, സാഹചര്യം വിലയിരുത്താൻ ഇന്നു കൊച്ചിയിൽ ഉന്നതതല യോഗം ചേരും. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് ആണ് യോഗം വിളിച്ചിരിക്കുന്നതെന്നാണു വിവരം. സംസ്ഥാന സർക്കാർ, നാവികസേന, കോസ്റ്റ്ഗാർഡ്, മറ്റ് കേന്ദ്ര ഏജൻസികൾ, കേരള മാരിടൈം ബോർഡ് പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.
ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തുനിന്ന് മുംബൈയിലെ നവ ഷേവ തുറമുഖത്തേക്ക് പോയ ‘എംവി വാൻ ഹായ് 503’ ഫീഡർ കപ്പലാണ് കണ്ണൂര്‍ അഴീക്കല്‍ മത്സ്യബന്ധന തുറമുഖത്തിന്റെ 81.49 കിലോമീറ്റര്‍ അകലെ തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെ വൻപൊട്ടിത്തെറിയോടെ തീപിടിക്കുന്നത്. കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരിൽ 18 പേരെയാണ് രക്ഷപ്പെടുത്തിയത്. നാല് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.
കപ്പൽ ഇപ്പോൾ നിയന്ത്രണമില്ലാതെ ഒഴുകിക്കൊണ്ടിരിക്കുകയാണ്. കപ്പലിലെ തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞില്ലെങ്കിൽ മുങ്ങുന്ന സാഹചര്യമാണു നിലവിലുള്ളത്. ഇങ്ങനെ ഉണ്ടായാൽ എണ്ണയും രാസവസ്തുക്കളും കടലിൽ പടരുന്നത് തടയാനുള്ള ശ്രമങ്ങളാണു കോസ്റ്റ്ഗാർഡ് നടത്തുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.