കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പ് ചൂണ്ടയിൽ അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയ എസ്.ഡി.പി.ഐ പ്രവർത്തകൻ സയ്യിദ് മുഹമ്മദ് സലാഹുദ്ദീന് കണ്ണീരിൽ കുതിർന്ന വിട. ഖബറടക്കം ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെ കണ്ണവം വെളുമ്പത്ത് മഖാം ഖബർസ്ഥാനിൽ നടന്നു. കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്ന് പൊലീസ് നിർദേശിച്ചിരുന്നുവെങ്കിലും അന്തിമോപചാരം അർപ്പിക്കാൻ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്.
തലശ്ശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം വൈകിട്ട് 4.45 ന് കണ്ണവം ടൗണിലെത്തിച്ചപ്പോൾ വൻ ജനക്കൂട്ടമായിരുന്നു. വീട്ടിൽ കൊണ്ടുപോയ മൃതദേഹം കുടംബാംഗങ്ങളെയും ബന്ധുക്കളെയും കാണിച്ച ശേഷം കണ്ണവം പള്ളി മദ്റസയിൽ പ്രത്യേകം തയറാക്കിയ വേദിയിൽ പൊതുദർശനത്തിന് വെച്ചു.
സയ്യിദ് മുഹമ്മദ് സലാഹുദ്ദീൻ്റെ മൃതദേഹം തലശ്ശേരി ജന. ആശുപത്രിയിൽ നിന്ന് കോവിഡ് പ്രോട്ടോകോൾ പാലിച്ച് ആംബുലൻസിലേക്ക് മാറ്റുന്നു
മരണശേഷം നടന്ന ട്രാനാറ്റ് ടെസ്റ്റിൽ സലാഹുദീന് കോവിഡ് സ്ഥിരീകരിച്ചുവെന്ന അധികാരികളുടെ വാദം ഖബറടക്കത്തിന് ആൾക്കൂട്ടം തടയാൻ വേണ്ടിയായിരുന്നുവെന്ന് സംശയിക്കുന്നതായി എസ്.ഡി.പി ഐ നേതൃത്വം പറയുന്നു.
സംഘർഷ സാധ്യത കണക്കിലെടുത്ത് കണ്ണവം ടൗണിലും പരിസരത്തും ശക്തമായ പൊലീസ് സംഘത്തെ നിയോഗിച്ചിരുന്നു. എന്നാൽ തീർത്തും സമാധാനപരമായ അന്തരീക്ഷത്തിലാണ് ചടങ്ങുകൾ പൂർത്തിയാക്കിയത്.
എസ്.ഡി.പി.ഐ ദേശീയ പ്രസിഡൻറ് എം.കെ. ഫൈസിയുടെ നേതൃത്വത്തിലാണ് ആശുപത്രി അധികൃതരിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങിയത്. എസ്.ഡി.പി.ഐ ദേശീയ പ്രസിഡൻറ് എം.കെ. ഫൈസി, പോപുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഒ.എം.എ. സലാം, പോപുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി നാസിറുദ്ദീന്‍ എളമരം, പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡൻറ് സി.പി. മുഹമ്മദ് ബഷീര്‍, ജനറല്‍ സെക്രട്ടറി അബ്ദുസലാം, സംസ്ഥാന ട്രഷറര്‍ കെ.എച്ച്. നാസര്‍, ദേശീയ സമിതി അംഗം സാദത്ത് മാസ്റ്റര്‍, എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ് പി. അബ്ദുല്‍ മജീദ് ഫൈസി, സംസ്ഥാന സെക്രട്ടറി കെ.കെ. അബ്ദുല്‍ ജബ്ബാര്‍, ഭാരവാഹികളായ ഹുസൈര്‍, കെ.എസ്. ഷാന്‍, മുസ്തഫ കൊമ്മേരി, അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, പോപുലര്‍ ഫ്രണ്ട് സോണല്‍ പ്രസിഡൻറ് എം.വി. റഷീദ് മാസ്റ്റര്‍, സെക്രട്ടറി പി.എൻ. ഫൈനാസ്, എസ്.ഡി.പി.ഐ ജില്ല പ്രസിഡൻറ് എ.സി. ജലാലുദ്ദീന്‍, ജില്ല ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, പോപുലര്‍ഫ്രണ്ട് കണ്ണൂര്‍ ജില്ല പ്രസിഡൻറ് എ.പി. മഹ്മൂദ്, കണ്ണൂര്‍ ജില്ല സെക്രട്ടറി പി.വി. മുഹമ്മദ് അനസ് തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തിയിരുന്നു. പോപുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഒ.എം.എ. സലാം സന്ദേശം നല്‍കി. സ്വലാഹുദ്ദീ െൻറ പിതാവ് സയ്യിദ് യാസീന്‍ കോയ തങ്ങള്‍ മയ്യിത്ത് നമസ്‌കാരത്തിന് നേതൃത്വം നല്‍കി. അമ്മാവന്‍ സയ്യിദ് മുഹമ്മദ് മഖ്തൂം സംസാരിച്ചു.
കണ്ണവത്തിനു സമീപം ചിറ്റാരിപ്പറമ്പിനടുത്ത് കൈച്ചേരിയിൽ വച്ചാണ് ചൊവ്വാഴ്ച വൈകിട്ട് സഹോദരിമാരുടെ കണ്‍മുന്നിലിട്ട് സ്വലാഹുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയത്. ആർ.എസ്.എസ് - ബി.ജെപി സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.