കണ്ണീർ മഴയിൽ മാർട്ടിനും കുടുംബത്തിനും നാടിന്റെ യാത്രാമൊഴി
text_fieldsകൂട്ടിക്കൽ കാവാലിയിൽ ഉരുൾ പൊട്ടലിൽ മരിച്ച മാർട്ടിനും കുടുംബത്തിനും മന്ത്രി വി.എൻ. വാസവൻ അന്തിമോപചാരമർപ്പിക്കുന്നു
കൂട്ടിക്കൽ: ആ മനുഷ്യർ പെയ്യുകയായിരുന്നു. ഉരുൾപൊട്ടിയ ദുരന്തത്തിന് ശേഷവും മണ്ണിലും വിണ്ണിലും പെയ്യാൻ ഇനിയും ബാക്കി നിൽക്കുന്ന മഴക്കാറുകൾക്ക് മീതെ ആ മനുഷ്യരുടെ കണ്ണീർ പെയ്തിറങ്ങുകയായിരുന്നു.
കാവാലിയിൽ ഉരുൾ പൊട്ടലിൽ മരിച്ച മാർട്ടിനും കുടുംബത്തിനും നാടിന്റെ വികാര നിർഭരമായ യാത്രയപ്പാണ് ആ നാട് നൽകിയത്. കൂട്ടിക്കൽ കാവാലിയിൽ ഉരുൾപൊട്ടലിൽ മരിച്ച ഇളംകാട് ഒട്ടലാങ്കൽ ക്ലാരമ്മ, മാർട്ടിൻ, സിനി മാർട്ടിൻ, സ്നേഹ മാർട്ടിൻ, സോന മാർട്ടിൻ, സാന്ദ്ര മാർട്ടിൻ എന്നിവരെ കാവാലി സെന്റ് മേരീസ് പള്ളിയിലാണ് സംസ്കരിച്ചത്. നൂറ്കണക്കിനാളുകളാണ് അവസാന നോക്ക് കാണാനെത്തിയത്.
സംസ്കാര ചടങ്ങിൽ സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രി വി.എൻ. വാസവൻ, പട്ടികജാതി-വർഗ വകുപ്പു മന്ത്രി കെ. രാധാകൃഷ്ണൻ എന്നിവർ അന്ത്യോപചാരമർപ്പിച്ചു. ആേന്റാ ആന്‍ണി എം.പി., എം.എൽ.എ.മാരായ സെബാസ്റ്റിയൻ കുളത്തുങ്കൽ, വാഴൂർ സോമൻ, അഡ്വ. മോൻസ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പൊലീസ് മേധാവി ഡി. ശില്പ, എ.ഡി.എം. ജിനു പുന്നൂസ്, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ശരത്ത്, ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ എന്നിവരുമുണ്ടായിരുന്നു.
എല്ലാം തകര്‍ന്ന് മലയോരം
മുണ്ടക്കയം: മലയോര മേഖല കണ്ടതില്‍ ഏറ്റവും വലിയ ദുരന്തമാണ് കൂട്ടിക്കല്‍, കൊക്കയാര്‍ പഞ്ചായത്തുകളില്‍ ഉണ്ടായ അപകടം. മുമ്പും നിരവധി തവണ പ്ലാപ്പള്ളി മേഖലയിലും കാവാലിയിലുമൊക്ക ഉരുൾപൊട്ടലും മണ്ണിടിച്ചിലുമൊക്കെ ഉണ്ടായിട്ടുെണ്ടങ്കിലും ഇത്രയേറെ ജീവന് അപഹരിച്ച ദുരന്തം ആദ്യമാണ്.
കാവാലി ഉരുൾപൊട്ടലിൽ മരിച്ച ഒറ്റലാങ്കൽ മാർട്ടിൻ, ഭാര്യ സിനി, മാതാവ് ക്ലാരമ്മ, മക്കളായ സ്നേഹ, സാന്ദ്ര, സോന എന്നിവരുടെ മൃതദേഹങ്ങൾ കാവാലി സെൻറ് മേരീസ് പള്ളിയിൽ പൊതുദർശനത്തിന് വെച്ചപ്പോൾ സിനിയുടെ മാതാപിതാക്കളായ ദേവസ്യയും ബേബിയും വിതുമ്പുന്നു
ഒരിക്കലും ഉരുളിനെ പ്രതീക്ഷിക്കാത്ത മേഖലയായ മാക്കൊച്ചിയില്‍ ഏഴുപേരുടെ ജീവന് കവര്‍ന്ന ദുരന്തത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് നാട്. കുടുംബത്തിലെ ആറുപേരും മറ്റൊരു കുടുംബത്തിലെ അഞ്ചുപേരും വേറൊരു കുടുംബത്തിലെ അമ്മയും മകനും അടക്കം 20 പേരെയാണ് നാടിന് നഷ്ടമായത്. ഇനിയും കണ്ടെത്താത്ത കൊക്കയാര്‍ ചേംപ്ലാനിക്കല് സാബുവിെൻറ ഭാര്യ ആന്‍സിക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ഇവര്‍ മലവെള്ളപ്പാച്ചിലിനിടയില്‍ വീടിനുള്ളില്‍ കുടുങ്ങുകയും കാണാതാകുകയുമായിരുന്നു. കോവിഡ് പിടിപെട്ട് ക്വാറൻറീനില്‍ കഴിയുന്നതിനിടയാണ് ഒട്ടലാങ്കല്‍ മാർട്ടിെൻറ കുടുംബത്തിലെ ആറുപേരെയും മഴ കവര്‍ന്നത്.
കുട്ടികളുമായി ബന്ധുവിെൻറ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി തറവാട്ടിലെത്തിയപ്പോഴാണ് ഫൗസിയയും മക്കളും ദുരന്തത്തില്‍പെട്ടത്. നാടിനെ നടുക്കിയ വാർത്ത പരന്നതോടെ സഹായവുമായി നാടിെൻറ വിവിധ പ്രദേശങ്ങളില്‍നിന്ന് രക്ഷപ്രവര്‍ത്തകര്‍ ദുരന്തസ്ഥലത്തേക്ക് ഒഴുകിയെത്തി. ഓട്ടലാങ്കല്‍ കുടുംബത്തിെൻറ വീടിനു പിന്നില്‍ ആരംഭിച്ച മണ്ണിടിച്ചില്‍ അരകിലോമീറ്ററോളം ദൂരത്തില്‍ ഒഴുകി സമീപത്തെ കാവാലി തോട്ടില്‍ പതിക്കുകയായിരുന്നു.
അവിടെ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ നിന്നാണ് മാര്‍ട്ടിെൻറ മൃതദേഹം കിട്ടിയത്. പ്ലാപ്പള്ളിയിലുണ്ടായ ഉരുള്‍പൊട്ടലിൽ നാലുപേരുടെ ജീവനാണ് നഷ്ടമായത്. ജങ്ഷനിലെ ചായക്കടയില്‍ മഴമൂലം കയറി നിന്നവരും താഴ്ന്നഭാഗത്ത് താമസക്കാരായവർക്കുമാണ് ഇവിടെ ജീവന് നഷ്മായത്.