വീട്ടിൽ മോഷണം: 20 പവനും 10,000 രൂപയും കവർന്നു
text_fieldsമോഷണം നടത്തിയ വീട്ടിൽ പൊലീസും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തുന്നു
ചെങ്ങന്നൂർ: മുളക്കുഴയിൽ വീട്ടിൽനിന്ന് 20 പവനും 10,000 രൂപയും കവർന്നു. ബുധനാഴ്ച പുലർച്ച ഊരിക്കടവിനുസമീപം സി.സി പ്ലാസ ഓഡിറ്റോറിയത്തിന് എതിർവശത്ത്, വല്യത്ത് അയിരൂക്കുഴിയിൽ റോജി കുര്യന്‍റെ വീട്ടിലാണ് കവർച്ച നടന്നത്. റോജിയും ഭാര്യ റിട്ട. അധ്യാപിക ഡെയ്സിയുമാണ് വീട്ടിലുണ്ടായിരുന്നത്. രാത്രി കിടക്കുന്നതിനുമുമ്പ് ഊരിവെച്ച ആഭരണങ്ങളടക്കം നഷ്ടമായി. വീടിന്‍റെ ജനലഴി തകർത്താണ് മോഷ്ടാവ് അകത്തുകയറിയത്.
രാവിലെ 4.30ന് ഡെയ്സി എഴുന്നേറ്റപ്പോൾ അടുക്കളഭാഗത്ത് ടോർച്ചിന്‍റെ വെളിച്ചം കണ്ടു. തുടർന്ന്, ലൈറ്റിട്ട് ബഹളം വെച്ചപ്പോഴേക്കും അടുക്കളയുടെ തുറന്നിട്ട വാതിലിലൂടെ മോഷ്ടാവ് കടന്നുകളഞ്ഞു. രണ്ട് സി.സി.ടി.വി കാമറകൾ വീടിന് മുൻവശത്തുണ്ടായിരുന്നതിനാൽ പിൻഭാഗത്തുകൂടിയാണ് മോഷ്ടാക്കളെത്തിയത്.
വീടിനുസമീപം ഊരിക്കടവ് പാടശേഖരവും വിജന പ്രദേശവുമാണ്. ചെങ്ങന്നൂർ സി.ഐ വിപിന്‍റെ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തി. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി.