Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightന്യൂനമർദം 'ബുറേവി'...

ന്യൂനമർദം 'ബുറേവി' ചുഴലിക്കാറ്റായി; നിലവിൽ ലങ്കൻ തീരത്തിന് 400 കി.മീ അകലെ

text_fields
bookmark_border
ന്യൂനമർദം ബുറേവി ചുഴലിക്കാറ്റായി; നിലവിൽ ലങ്കൻ തീരത്തിന് 400 കി.മീ അകലെ
cancel

കോഴിക്കോട്: ബംഗാൾ ഉൾക്കടലിലുണ്ടായ അതിതീവ്ര ന്യൂനമർദം 'ബുറേവി' ചുഴലിക്കാറ്റായി രൂപംകൊണ്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ കേരളം-തെക്കൻ തമിഴ്നാട് തീരങ്ങൾക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ് (യെല്ലോ അലേർട്ട്) നൽകി. നിലവിൽ ശ്രീലങ്കൻ തീരത്ത് നിന്ന് ഏകദേശം 400 കി.മീ ദൂരത്തിലും കന്യാകുമാരിയിൽ നിന്ന് ഏകദേശം 800 കി.മീ ദൂരത്തിലുമാണ് കാറ്റിന്‍റെ സ്ഥാനം.

കഴിഞ്ഞ ആറ് മണിക്കൂറായി മണിക്കൂറിൽ ഒമ്പത് കി.മീ വേഗതയിൽ പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുകയാണ് 'ബുറേവി'. അടുത്ത 12 മണിക്കൂറിൽ ഇത് കൂടുതൽ ശക്തി പ്രാപിച്ച് ഡിസംബർ രണ്ടിന് വൈകീട്ടോടെ ശ്രീലങ്കൻ തീരം കടക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

ശ്രീലങ്കൻ തീരത്തെത്തുമ്പോൾ കാറ്റിന്‍റെ പരമാവധി വേഗത മണിക്കൂറിൽ ഏകദേശം 75 മുതൽ 85 കി.മീ വരെ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചുഴലിക്കാറ്റ് ഡിസംബർ മൂന്നിനോട് കൂടി ഗൾഫ് ഓഫ് മാന്നാർ എത്തുകയും ഡിസംബർ നാലിന് പുലർച്ചെയോടെ കന്യാകുമാരിയുടെയും പാമ്പൻറെയും ഇടയിലൂടെ തെക്കൻ തമിഴ്നാട് തീരത്തേക്ക് പ്രവേശിക്കുകയും ചെയ്യാനുള്ള സാധ്യതയാണ് പ്രവചിക്കുന്നത്.

കേരളത്തിനുള്ള മുന്നറിയിപ്പ്

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. വിലക്ക് എല്ലാതരം മൽസ്യബന്ധന യാനങ്ങൾക്കും ബാധകമായിരിക്കും. നിലവിൽ മൽസ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്നവർ എത്രയും പെട്ടെന്ന് തന്നെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരേണ്ടതാണ്.

ചുഴലിക്കാറ്റിന്‍റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അനുമതി നൽകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ അനുവദിക്കുന്നതല്ല.

ഡിസംബർ 2 മുതൽ ഡിസംബർ 4 വരെയുള്ള ദിവസങ്ങളിൽ കേരളത്തിൽ പലയിടത്തും അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബർ 3 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ അതിതീവ്ര മഴ ലഭിക്കാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നു. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആവശ്യമായ തയ്യാറെടുപ്പുകൾ പൂർത്തീകരിക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി.

ചുഴലിക്കാറ്റിന്‍റെ വികാസവും സഞ്ചാരപഥവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്.

Show Full Article
TAGS:Cyclone Bureviburevicyclone
News Summary - burevi cyclone warning
Next Story