ബുള്ളി ഭായ്: മുസ്‌ലിം സ്ത്രീക്ക് നേരേയുള്ള ഹിന്ദുത്വ വംശീയ പദ്ധതിക്ക് സർക്കാർ ചൂട്ടുപിടിക്കുന്നുവെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ്
text_fieldsകോഴിക്കോട്: ഹിന്ദുത്വ ഭരണകൂടത്തിന് എതിരെ ശബ്ദിക്കുന്ന നൂറോളം മുസ്‌ലിം സ്ത്രീകളെ ഉന്നംവെച്ചു കൊണ്ട് ഇപ്പോൾ വീണ്ടും പുറത്തു വന്നിരിക്കുന്ന ഓൺലൈൻ ആപ്ലിക്കേഷൻ, ലിംഗാധിഷ്ടിതമായ ഇസ്ലാമോഫോബിയയുടെയും മുസ്‌ലിം സ്ത്രീയ്ക്ക് നേരെയുള്ള ലൈംഗിക വൽക്കരണത്തിന്‍റെയും കൃത്യമായ പ്രകടനങ്ങളാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ്. മുസ്‌ലിം സ്ത്രീകളെ ലേലവിൽപനക്ക് വെക്കാനെന്ന രൂപേണ നേരത്തെ പ്രചരിച്ചിരുന്ന 'സുള്ളി ഡീൽസി'ന്‍റെ മറ്റൊരു പതിപ്പാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കുറ്റവാളികൾക്ക് നേരെയുള്ള പൊലീസിന്‍റെയും ഭരണകൂട സ്ഥാപനങ്ങളുടെയും നിഷ്ക്രിയത്വം മുസ്‌ലിം സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തിലുള്ള അവരുടെ ദയനീയമായ പരാജയം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണെന്നും ഫ്രറ്റേണിറ്റി ഭാരവാഹികൾ ചൂണ്ടിക്കാട്ടി
സർക്കാറിന്‍റെയും അതിന്‍റെ വിവിധ സംവിധാനങ്ങളുടെയും ഭാഗത്ത് നിന്ന് നിരന്തരമായി ഉണ്ടാവുന്ന ഈ അവഗണനകൾ ഇത്തരം പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുകയാണ് ചെയ്യുന്നത്. മുസ്‌ലിം സ്ത്രീകളുടെ ഉയർച്ചകൾ ഇന്ത്യയിലെ വലതുപക്ഷ വിഭാഗങ്ങളെ എല്ലായ്പ്പോഴും അങ്കലാപ്പിലാക്കിയിട്ടുണ്ട്. മുസ്‌ലിം സ്ത്രീകളെ നിശബ്ദീകരിക്കലാണ് കുറ്റവാളികളുടെ ലക്ഷ്യമെന്ന് വ്യക്തമാണ്.
മുസ്‌ലിം സ്ത്രീകൾക്ക് നേരെ നിരന്തരം തുടരുന്ന ഈ കാമ്പയിനെ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ശക്തമായി അപലപിക്കുകയും കുറ്റവാളികൾക്കെതിരെ പൊലീസും ഭരണകൂടവും തക്കതായ നടപടികളെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. ഇത്തരം പ്രവണതകൾ രാഷ്ട്രീയം സംസാരിക്കുന്ന മുസ്‌ലിം സ്ത്രീകളുടെ പുതു സ്വാഭാവികതയായി മാറാൻ ഒരു നിലക്കും അനുവദിക്കുന്നതല്ല.
ഈ രാജ്യത്തെ അനീതികൾക്കെതിരെ ശബ്ദമുയർത്തുന്ന മുസ്‌ലിം സ്ത്രീകളുടെ നിശ്ചയ ദാർഢ്യത്തെ ഇല്ലായ്മ ചെയ്യാൻ ഇത്തരം വിദ്വേഷ പ്രചരണങ്ങൾക്ക് സാധിക്കില്ല. വിദ്വേഷാക്രമണത്തിന് വിധേയരായിരിക്കുന്ന മുസ്‌ലിം സ്ത്രീകൾക്ക് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് എല്ലാവിധ ഐക്യദാർഢ്യവും കുറ്റവാളികൾക്ക് എതിരെയുള്ള പോരാട്ടത്തിൽ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.
വാർത്ത സമ്മേളനത്തിൽ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ദേശീയ സെക്രട്ടറി ആയിശ റെന്ന, പൗരത്വ പ്രക്ഷോഭ പോരാളി ലദീദ ഫർസാന, ഫ്രറ്റേണിറ്റി മൂവ്‌മെന്‍റ് കണ്ണൂർ ജില്ല കമ്മിറ്റി അംഗം നിദ പർവീൻ, ഫ്രറ്റേണിറ്റി മൂവ്മെന്‍റ് കേന്ദ്ര കമ്മിറ്റി അംഗം ലുബൈബ് ബഷീർ, ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നുജൈം പി.കെ. എന്നിവർ പങ്കെടുത്തു.