ദമ്പതികൾ സഞ്ചരിച്ച ബുള്ളറ്റിന് തീപിടിച്ചു
text_fieldsതീപിടിച്ച ബുള്ളറ്റ് ഫയർഫോഴ്സും പൊലീസും അപകടസ്ഥലത്തുനിന്ന് മാറ്റുന്നു
പന്തളം: ദമ്പതികൾ സഞ്ചരിച്ച ബുള്ളറ്റിന് തീപിടിച്ചു. പൊലീസുകാരുടെ സന്ദർഭോചിത ഇടപെടലിൽ വലിയ അപകടം ഒഴിവായി. ഞായറാഴ്ച ഉച്ചക്ക് 12.30യോടെ എം.സി റോഡിൽ പന്തളം പോസ്റ്റ് ഓഫിസിന് മുന്നിലാണ് അപകടം.
തൃശൂർ വലപ്പാട് കാക്കനാട്ട് വീട്ടിൽ രഞ്ജിത് (29), ഭാര്യ ശ്രീലക്ഷ്മി എന്നിവർ സഞ്ചരിച്ച ബുള്ളറ്റിനാണ് തീപിടിച്ചത്. ഇരുവരും തൃശൂരിൽനിന്ന് ശ്രീലക്ഷ്മിയുടെ കാരക്കാട്ടെ വീട്ടിൽ എത്തിയശേഷം പന്തളത്തേക്ക് വരുമ്പോഴായിരുന്നു അപകടം.
തീപിടിച്ചപ്പോൾ തന്നെ ഇരുവരും ബുള്ളറ്റ് ഉപേക്ഷിച്ച് സമീപത്തേക്ക് മറിഞ്ഞുവീണു. തൊട്ടുപിന്നാലെ പന്തളം പൊലീസ് ജീപ്പിലുണ്ടായിരുന്ന എസ്.ഐ അനിൽകുമാർ, സിവിൽ പൊലീസ് ഓഫിസർ എസ്. അൻവർഷ, ഹോംഗാർഡ് അജയൻ എന്നിവർ ചേർന്നാണ് തീയണച്ചത്. ഉടനെ പന്തളം എസ്.എച്ച്.ഒ എസ്. ശ്രീകുമാർ അടൂർ ഫയർഫോഴ്സിൽ വിവരമറിയിക്കുകയും ചെയ്തു.
ദീർഘദൂര യാത്രയായതിനാൽ ബുള്ളറ്റിൽ ഫുൾ ടാങ്ക് പെട്രോൾ ഉണ്ടായിരുന്നു. നാട്ടുകാരും പൊലീസും ഫയർഫോഴ്സ് സംഘവും തീ നിയന്ത്രണവിധേയമാക്കി. ഇരുവരെയും നിസ്സാര പരിക്കുകളോടെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

