ആശങ്ക ഇരട്ടിയായി; സംസ്ഥാനത്ത് കെട്ടിട നമ്പറുകളും മാറുന്നു, പൊതുജനങ്ങൾ രേഖകൾ തിരുത്തേണ്ടിവരും
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന വാർഡ് വിഭജനത്തിൽ ജനങ്ങൾക്കുണ്ടായ പ്രധാന ആശങ്ക കെട്ടിടങ്ങളുടെ നമ്പർ മാറ്റമാണ്. അത് സംഭവിക്കുന്നു എന്നതാണ് വസ്തുത. സംസ്ഥാനത്തെ വീടുകൾ ഉൾപ്പെടെ ഒന്നരക്കോടിയിലേറെ കെട്ടിടങ്ങളുടെ നമ്പർ ഉടൻ മാറും. ഇതിൽ 1.10 കോടി വീടുകളും അപാർട്മെന്റുകളും ഫ്ലാറ്റുകളുമാണ്. 46 ലക്ഷം വാണിജ്യ ആവശ്യത്തിനുള്ളവയും. ഒന്നരക്കോടിയിലേറെ കെട്ടിടങ്ങളുടെ നമ്പർ മാറുമ്പോൾ പൊതുജനങ്ങൾ അവരുടെ വ്യക്തിഗത തിരിച്ചറിയൽ കാർഡുകൾ ഉൾപ്പെടെ രേഖകളിൽ മാറ്റങ്ങൾ വരുത്തേണ്ടി വരും. ഇതാണ് വലിയ വെല്ലുവിളി. കുട്ടികളുടെ സർട്ടിഫിക്കറ്റുകളിലടക്കം ഈ മാറ്റം വരുത്തുക ശ്രമകരമാണ്.
വീടുകളിൽ വ്യക്തികൾക്ക് രേഖകൾ മാറ്റേണ്ടി വരുമ്പോൾ, താമസ ഇതര- വാണിജ്യ കെട്ടിടങ്ങളുടെ ഉടമ കൾക്ക് ലൈസൻസിനും മറ്റുമായി നിരവധി രേഖകളിൽ മാറ്റംവരുത്തേണ്ടിവരും. വാർഡ് വിഭജനം കഴിയുമ്പോൾ കെട്ടിടങ്ങളുടെ നമ്പർ മാറ്റേണ്ടി വരുന്ന സങ്കീർണത ഒഴിവാക്കാൻ ഡി.ജി പിൻ (ഡിജിറ്റലായി കെട്ടിടങ്ങൾക്ക് നമ്പർ നൽകുന്ന നടപടി) പോലുള്ള നടപടികൾ സർക്കാർ നേരത്തേ പ്രഖ്യാപിച്ചെങ്കിലും നടപ്പാക്കാനായില്ല.
സ്ഥിരമായി കെട്ടിടങ്ങൾക്ക് ഒരുനമ്പർ എന്ന ആവശ്യം ഏറെക്കാലമായി ശക്തമാണ്. എന്നാൽ ഇപ്പോഴത്തെ നടപടികൾ തുടർന്ന് ഭാവിയിൽ ഡി.ജി പിൻ ക്രമീകരിക്കാൻ പ്രയാസമുണ്ടാകില്ലെന്നാണ് തദ്ദേശ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. തദ്ദേശ വകുപ്പിന്റെ സേവനങ്ങൾ നൽകുന്ന കെ-സ്മാർട് ആപ്ലിക്കേഷനിൽ വാർഡ് മാറിയതിന് അനുസരിച്ച് കെട്ടിടങ്ങളുടെ നമ്പർ ക്രമീകരിക്കാനുള്ള സൗകര്യം ഏർപ്പെടുത്തി. അതത് കോർപറേഷനുകളും മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളുമാണ് ഇത് കെ- സ്മാർട് വഴി നടപ്പാക്കേണ്ടത്. അതിനുള്ള മാർഗനിർദേശങ്ങളും നൽകിയിട്ടുണ്ട്.
ഒന്നാം വാർഡിലെ ഒന്നാം നമ്പർ കെട്ടിടമെന്ന് സൂചിപ്പിക്കുന്ന തരത്തിൽ 1/1 എന്ന മാതൃകയിലാണ് കെട്ടിടനമ്പറുകൾ നൽകുന്നത്. ആദ്യത്തെ ഭാഗം വാർഡിനെയും തുടർന്നുള്ളത് കെട്ടിടത്തെയും സൂചിപ്പിക്കുന്നു. പരമാവധി നാലക്കം വരെ നമ്പറുകളാണ് കെട്ടിടത്തിന് ലഭിക്കുക. വാർഡ് വിഭജനം നടന്നെങ്കിലും പഴയ കെട്ടിട നമ്പറുകൾ ഉപയോഗിച്ചാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടിക തയാറാക്കിയതും പോളിങ് സ്റ്റേഷനുകൾ ക്രമീകരിച്ചതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

