
കെട്ടിടത്തിന് ബലക്ഷയം; ചെമ്പൂച്ചിറ ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിലെ നിർമാണം വിവാദത്തില്‍
text_fieldsകൊടകര (തൃശൂർ): പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെൻറ ഭാഗമായി വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിെൻറ മണ്ഡലത്തിലെ ചെമ്പൂച്ചിറ സര്‍ക്കാര്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ നടക്കുന്ന കെട്ടിട നിർമാണം വിവാദത്തില്‍. കെട്ടിടത്തിന് ബലക്ഷയമുണ്ടെന്നാരോപിച്ച് പ്രദേശത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ രംഗത്തുവന്നതോടെയാണ് വിഷയം വിവാദമായത്.
കിഫ്ബിയില്‍നിന്നുള്ള മൂന്നുകോടിയും മന്ത്രി സി. രവീന്ദ്രനാഥിെൻറ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള 87 ലക്ഷം രൂപയും വിനിയോഗിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്. ചുവരിലും സീലിങ്ങിലും പ്ലാസ്റ്ററിങ് നടത്തിയത് പി.വി.സി പൈപ്പുകൊണ്ട് അമര്‍ത്തിയാല്‍ പോലും ഇളകി വീഴുന്ന സ്ഥിതിയാണ്. പാരപ്പറ്റിലെ പ്ലാസ്റ്ററിങ്ങും ഇത്തരത്തില്‍ ഇളകി വീഴുന്നതായി കണ്ടെത്തി. നിര്‍മാണം അവസാന ഘട്ടത്തിലെത്തി നില്ക്കുന്ന കെട്ടിടത്തിെൻറ പ്ലാസ്റ്ററിങ്ങിലെ അപാകത നേരത്തേ സ്കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുകയും പ്രശ്നം പരിഹരിക്കണമെന്ന് കരാറുകാരനോടും ഉന്നത ഉദ്യോഗസ്ഥരോടും ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ് സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ക്ക് നിർമാണം സംബന്ധിച്ച് പരാതി നല്കി. ഗുണമേന്മയില്ലാത്ത കമ്പി ഉപയോഗിച്ച് ആവശ്യത്തിന് സിമൻറും മണലും ചേര്‍ക്കാതെ നിർമാണം നടത്തിയെന്നാണ് പരാതിയില്‍ ഉന്നയിച്ചിട്ടുള്ളത്. പുതിയ കെട്ടിടം മഴക്കാലത്ത് ചോര്‍ന്നൊലിച്ചതായും പറയുന്നു. ബലക്ഷയമുള്ളതിനാല്‍ കെട്ടിടം അടുത്ത മഴക്കാലത്ത് ഭാഗികമായോ പൂര്‍ണമായോ നിലംപൊത്താനുള്ള സാധ്യതയുള്ളതായും നാഗേഷ് പരാതിയില്‍ ചൂണ്ടിക്കാട്ടി.
അപാകതകള്‍ പരിഹരിച്ച് പൂര്‍ത്തിയാക്കുന്നതിനിടെയാണ് മാധ്യമങ്ങളില്‍ കെട്ടിടത്തിന് ബലക്ഷയമുള്ളതായി വാര്‍ത്തകള്‍ വന്നത്. ഇതേ തുടര്‍ന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷും സ്കൂളിലെത്തിയത്. കേന്ദ്ര സര്‍ക്കാറിന് കീഴിലെ വാപ്കോസ് ലിമിറ്റഡിനാണ് നിര്‍വഹണ ചുമതല. നിയോ സ്ട്രക്റ്റോ കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡാണ് കരാറെടുത്തത്.
വകുപ്പുതല അന്വേഷണത്തിന് നിർദേശം
ചെമ്പുച്ചിറ ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിലെ കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് കുറവുകള്‍ ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് പരിഹരിച്ച് അടിയന്തരമായി പണി പൂര്‍ത്തീകരിക്കാൻ നിര്‍വഹണ ഏജന്‍സിയോട് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നിർദേശിച്ചു. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ. ഷാജഹാന് നിർദേശം നല്കി.
സമഗ്ര അന്വേഷണം വേണം –ചെന്നിത്തല
സ്കൂളിലെ പുതിയ കെട്ടിട നിര്‍മാണത്തിലെ അപാകതയും അഴിമതിയും സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശനിയാഴ്ച രാവിലെ സ്കൂളിലെത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതുപോലുള്ള അഴിമതികളാണ് കിഫ്ബിയില്‍ നടക്കുന്നത്. ഇങ്ങനെയാണ് സ്കൂള്‍ കെട്ടിടങ്ങള്‍ പണിയുന്നതെങ്കില്‍ ഈ കെട്ടിടത്തില്‍ കുട്ടികള്‍ക്ക് എന്തു സുരക്ഷിതത്വമാണുള്ളത്. ഈ വര്‍ഷത്തെ സംസ്ഥാന സ്കൂൾ പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്ത വിദ്യാലയമാണിത്. അഴിമതി തടയാൻ സര്‍ക്കാര്‍ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.