ഒടുവിൽ തിരുത്തി; നേരത്തേ അപേക്ഷിച്ചവർക്ക് പഴയ പെർമിറ്റ് ഫീസ്
text_fieldsതിരുവനന്തപുരം: ഏപ്രിൽ 10ന് മുമ്പ് സമർപ്പിച്ച കെട്ടിട നിർമാണ അപേക്ഷകളിലും പത്തിരട്ടി കൂട്ടിയ ഫീസ് നിരക്ക് ഈടാക്കിയത് വിവാദമായതോടെ നടപടി തിരുത്തി തദ്ദേശവകുപ്പിന്റെ ഉത്തരവ്. ഏപ്രിൽ ഒമ്പതുവരെ ഓൺലൈനായും ഓഫ്ലൈനായും സമര്‍പ്പിച്ച എല്ലാ കെട്ടിട നിർമാണ അനുമതി അപേക്ഷകള്‍ക്കും പഴയ പെര്‍മിറ്റ് ഫീസ് നിരക്കായിരിക്കും ബാധകമെന്ന് തദ്ദേശമന്ത്രി എം.ബി. രാജേഷ് അറിയിച്ചു.
ഇക്കാര്യത്തിലെ അവ്യക്തത സംബന്ധിച്ച് നിരവധി അപേക്ഷകള്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ നിര്‍ദേശപ്രകാരമുള്ള നടപടി. ഏപ്രിൽ 10 മുതലുള്ള അപേക്ഷകള്‍ക്ക് പുതുക്കിയ നിരക്കാകും ബാധകമാകുക. വാര്‍ഷിക പദ്ധതി അവസാനിക്കുന്ന ഘട്ടമായതിനാൽ പല ഓഫിസുകളിലും മാര്‍ച്ചിൽ സമര്‍പ്പിച്ച അപേക്ഷകള്‍ പരിഗണിക്കുന്നത് ഏപ്രിൽ ആദ്യത്തേക്ക് നീണ്ടിരുന്നു. ചില ഓഫിസുകളിൽ അപേക്ഷകള്‍ മാര്‍ച്ച് അവസാനം സ്വീകരിച്ചില്ലെന്നും പരാതിയുണ്ട്.
ഇക്കാര്യങ്ങള്‍ നിരവധി പേര് മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. ഇത് പരിഗണിച്ചാണ് പ്രശ്നപരിഹാരത്തിന് മന്ത്രി നിര്‍ദേശം നല്‍കിയത്. കെട്ടിട നിര്‍മാണ പെർമിറ്റുകള്‍ക്ക് തദ്ദേശസ്ഥാപനങ്ങള്‍ ഈടാക്കുന്ന പെർമിറ്റ് ഫീസ് പുതുക്കിയത് ഏപ്രിൽ 10 മുതലാണ്.
ഏപ്രിൽ 10ന് മുമ്പ് ലഭിച്ച അപേക്ഷകളിൽ പെർമിറ്റ് ഫീസ്/ അപേക്ഷ ഫീസ്/ സ്ക്രൂട്ടിനി ഫീസ്/ ക്രമവത്കരണ ഫീസ് എന്നിവ പുതുക്കിയ നിരക്കാണോ പഴയ നിരക്കാണോ ബാധകമാകുകയെന്ന കാര്യത്തിൽ അവ്യക്തത നിലനിന്നിരുന്നു. എന്നാൽ, പല പഴയ അപേക്ഷകരിൽനിന്നും വൻതുകയാണ് തദ്ദേശസ്ഥാപനങ്ങൾ ഈടാക്കിയത്. അധികമായി വാങ്ങിയ തുക മടക്കിനൽകുമെന്ന് കഴിഞ്ഞദിവസം മന്ത്രി എം.ബി. രാജേഷ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എങ്ങനെ മടക്കിനൽകുമെന്ന കാര്യത്തിൽ പുതിയ ഉത്തരവിൽ വ്യക്തതയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

