വലിയങ്ങാടിയില്‍ കെട്ടിടഭാഗം തകര്‍ന്നുണ്ടായ അപകടം: മരണം നാലായി
text_fieldsഅപകടത്തിൽ മരിച്ച അഷ്റഫ്, ബഷീർ, ജബ്ബാർ, വിനോദ്
കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണുണ്ടായ അപകടത്തിൽ മരണം നാലായി. ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തിരുവങ്ങൂർ സ്വദേശി വിനോദ് (55) ആണ് ഏറ്റവും ഒടുവിൽ മരിച്ചത്. അത്തോളി സ്വദേശികളായ കൊളക്കാട് കൊടുവമ്പത്ത് താഴെകുനി അഷ്റഫ് (56), കൊങ്ങന്നൂർ കുനിയിൽ കടവ് മല്ലിശ്ശേരി താഴെ നുജൂം വീട്ടിൽ ബഷീർ (65), കിണാശ്ശേരി കുളംകുഴിനിലം ബൈത്തുൽ ഹുദയിൽ ജബ്ബാർ (60) എന്നിവരാണ് മരിച്ച മറ്റ് മൂന്നുപേർ. പരിക്കേറ്റ പയ്യോളി സ്വദേശി കോയ ചികിത്സയിലാണ്.
ബീച്ചിന് സമീപം പഴയ പാസ്പോർട്ട് ഓഫിസ് പ്രവർത്തിച്ച 60 വർഷത്തിലധികം പഴക്കമുള്ള കെട്ടിടത്തിൽ തിങ്കളാഴ്ച രാവിലെ 11.50ഓടെയാണ് ദുരന്തം. താഴെനിലയിലെ ഗോഡൗണിൽ നിന്ന് സാധനങ്ങൾ മാറ്റാനെത്തിയ തൊഴിലാളികളും ഏജന്റുമാണ് മരിച്ചത്. താഴെ വിശ്രമിക്കുകയായിരുന്ന തൊഴിലാളികൾ, തകർന്നുവീണ സൺഷേഡ് സ്ലാബുകൾക്ക് അടിയിൽപെടുകയായിരുന്നു. നാല് ഇരുചക്രവാഹനങ്ങളും തകർന്നു. ഉടൻ സമീപത്തെ ബീച്ച് ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മരിച്ച അഷ്റഫ്, ജബ്ബാർ എന്നിവർ ഗാമ ട്രേഡേഴ്സ് തൊഴിലാളികളാണ്. ബഷീറിന്റെ ലോറിയിലെ ലോഡിങ്ങ് തൊഴിലാളിയാണ് വിനോദ്. ഗോഡൗണുകളും കടകളുമാണ് കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. മറ്റു സൺഷേഡ് സ്ലാബുകളും അപകടാവസ്ഥയിലാണ്. കാലപ്പഴക്കമാണ് കാരണമെന്ന് തൊഴിലാളികൾ പറയുന്നു.
ഏതാനും ആഴ്ച മുമ്പ് കെട്ടിടത്തിൽ പുതിയ സ്ഥാപനത്തിന് കോർപറേഷൻ പ്രവർത്തനാനുമതി നൽകിയിരുന്നു. മുകൾ നിലയിൽ അടുത്തിടെ ജിം അടക്കം സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നുവെന്നും തൊഴിലാളികൾ പറഞ്ഞു. കോർപറേഷൻ മേയർ ഒ. സദാശിവൻ, കൗൺസിലർ ഫാത്തിമ തഹ്ലിയ എന്നിവർ സ്ഥലം സന്ദർശിച്ചു. വിഷയത്തിൽ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് മേയർ പറഞ്ഞു. അപകടത്തിന് കാരണം കോർപറേഷന്റെ ഗുരുതര വീഴ്ചയാണെന്ന് ഫാത്തിമ തഹ്ലിയ പ്രതികരിച്ചു.
പരേതരായ ഇമ്പിച്ചിമൊയ്തീന്റെയും പാത്തുമ്മയുടെയും മകനാണ് അഷ്റഫ്. ഭാര്യ: സൗദ. മക്കൾ: ഹന്ന ഫാത്തിമ, മിസ്ഹഫ് സൗദി. മരുമകൾ: അജ്നാസ് തെരുവത്ത് കടവ്. സഹോദരങ്ങൾ: പരേതനായ അബ്ദുല്ല, നഫീസ, സുബൈദ.
ബഷീറിന്റെ ഭാര്യ: സെക്കീന. മക്കൾ: ഷമീർ (ദുബൈ), ഷാഫി (ദുബൈ), ഷമീന (കുവൈത്ത്). മരുമക്കൾ: ജംഷീദ് (കുവൈത്ത്), ഫാത്തിമ, ഷഹന. സഹോദരങ്ങൾ: സൗജ, പരേതരായ അഷ്റഫ്, റസാഖ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഏഴിന് കുനിയിൽ കടവ് ഖബർസ്ഥാനിൽ.
ജബ്ബാറിന്റെ ഭാര്യ: പ്രസീന. മക്കൾ: സുഹാന, ഫിനി, ഹുദ. മരുമക്കൾ: സിജാദ്, അർഷദ്, ഷെരീഫ്. വിനോദിന്റെ ഭാര്യ ഷൈമ. മകൻ: ധനഞ്ജയ് (കണ്ണൻ). പരേതനായ ഇമ്പിചെക്കുവിന്റെയും ജാനുവിന്റെയും മകനാണ്. സഹോദരങ്ങൾ: രാജൻ, ഗീത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

