ബിൽഡർ കരാർ ലംഘിച്ചു; ഫ്ലാറ്റ് പിടിച്ചെടുത്ത് ഉടമക്ക് കൈമാറി
text_fieldsപ്രതീകാത്മക ചിത്രം
കൊച്ചി: കരാർ കാലയളവിൽ നിർമാണം പൂർത്തിയാക്കാതിരുന്ന ഫ്ലാറ്റ്, ബിൽഡറിൽനിന്ന് പിടിച്ചെടുത്ത് ഉടമകൾക്ക് കൈമാറി കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ). ഗാലക്സി ഹോംസ് എന്ന കമ്പനി എളംകുളം ചിലവന്നൂരിൽ നിർമിച്ച ഗാലക്സി ബ്രിജ്‌വുഡ് അപ്പാർട്മെന്റ് പദ്ധതിയിൽ 10 വർഷം മുമ്പ് പരാതിക്കാർ ബുക്ക് ചെയ്ത മൂന്ന് ബെഡ് റൂം ഫ്ലാറ്റും പാർക്കിങ് സ്ഥലവുമാണ് ഏറ്റെടുത്ത് കൈമാറിയത്.
റെറയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ബിൽഡറിൽനിന്ന് ഫ്ലാറ്റ് പിടിച്ചെടുത്ത് ഉടമകൾക്ക് കൈമാറുന്നത്. റെറക്ക് സ്വന്തം ഉത്തരവുകൾ നേരിട്ട് നടപ്പാക്കാമെന്നും എക്സിക്യൂഷൻ കോടതിയുടെ അധികാരങ്ങൾ ഉണ്ടെന്നും കണ്ടെത്തിയ ശേഷമുള്ള ആദ്യ നടപടിയാണിത്.
തൃശൂർ സ്വദേശിനി രമ്യ രവീന്ദ്രൻ, ഭർത്താവ് അഞ്ചൽ സ്വദേശി എം.ആർ.ഹരികുമാർ എന്നിവർ അഡ്വ.ഹരീഷ് വാസുദേവൻ മുഖേന നൽകിയ പരാതിയിലാണ് നടപടി. റെറയുടെ ഉത്തരവുകൾ തുടർച്ചയായി പാലിക്കാതിരിക്കുകയും ഫ്ലാറ്റ് നിർമാണം അനന്തമായി നീട്ടിക്കൊണ്ടുപോവുകയും ചെയ്തതിനെത്തുടർന്നാണ് ഏറ്റെടുക്കലിന് ഉത്തരവിട്ടത്.
ബിൽഡറോട് ഹാജരായി ഫ്ലാറ്റിന്റെ താക്കോൽ നേരിട്ട് കൈമാറാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും എത്താതിരുന്നതിനെത്തുടർന്ന് വാതിലിന്റെ പൂട്ട് തകർത്ത് ഉള്ളിൽകടന്ന് നടപടി പൂർത്തിയാക്കുകയായിരുന്നു. നിർമാണം വൈകിപ്പിച്ച കാലയളവ് കണക്കാക്കി പരാതിക്കാർക്ക് നഷ്ടപരിഹാരം നൽകാൻ റെറ 2024ൽ നൽകിയ ഉത്തരവും ബിൽഡർ പാലിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

