ക്വാറികള്‍ക്ക് ചുറ്റും ബഫര്‍ സോണ്‍; ഉത്തരവ് പിന്‍വലിക്കാന്‍ മന്ത്രിയുടെ നിർദേശം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ഡാമുകള്‍ അടക്കമുള്ള ജലവിഭവ വകുപ്പിന്റെ നിര്‍മിതികള്‍ക്ക് സമീപത്തെ ക്വാറികള്‍ക്ക് നിരാക്ഷേപ പത്രം നല്‍കുന്നതിന് നിബന്ധനകള്‍ ഏര്‍പ്പെടുത്തിയ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കാന്‍ മന്ത്രി റോഷി അഗസ്റ്റിന് നിര്‍ദേശം നല്കി. നിലവിലെ ഉത്തരവ് സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ നിര്‍ദേശം. നിബന്ധനകള്‍ ഒഴിവാക്കി പുതിയ ഉത്തരവ് ഉടന്‍ പുറത്തിറക്കും.
സംസ്ഥാനത്ത് ക്വാറികള്‍ക്ക് 2003ലെ കേരള വാട്ടര്‍ കണ്‍സര്‍വേഷന്‍ നിയമപ്രകാരമുള്ള ജലസേചന വകുപ്പിന്റെ എൻ.ഒ.സി നല്‍കുന്നത് സംബന്ധിച്ച് നിബന്ധനകള്‍ തീരുമാനിച്ച് പുറത്തിറക്കിയ 2025 ജനുവരി 20ലെ ഉത്തരവാണ് റദ്ദാക്കുന്നത്. ജലവിഭവവകുപ്പ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നിര്‍മാണ മേഖലയില്‍ കടുത്ത പ്രതിസന്ധിക്കിടയാക്കുമെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതു പരിഗണിച്ചാണ് ഉത്തരവ് പിന്‍വലിക്കാന്‍ മന്ത്രി നിര്‍ദേശിച്ചത്.
2003ലെ വാട്ടര്‍ കണ്‍സർവേഷന്‍ നിയമപ്രകാരം കലക്ടറും ജലവിഭവ വകുപ്പ് ഓഫിസറും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ അതിര്‍ത്തി നിശ്ചയിച്ച് ബഫര്‍ സോണ്‍ തീരുമാനിക്കണമെന്നാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്. ഇതു പരിഗണിച്ച് മാത്രമേ എൻ.ഒ.സി നല്‍കാവൂവെന്നും നിര്‍ദേശിച്ചിരുന്നു. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍മാര്‍ക്കാണ് എൻ.ഒ.സി നല്‍കാനുള്ള അധികാരം നല്‍കിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

