വ്യാപാരി ദ്രോഹം, നിരാശജനകം –വ്യാപാരി വ്യവസായി ഏകോപന സമിതി
text_fieldsകോഴിക്കോട്: വ്യാപാരികളെ ദ്രോഹിക്കുന്നതും നിരാശജനകവുമാണ് ബജറ്റെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് ടി. നസിറുദ്ദീൻ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. നവകേരള സൃഷ്ടിക്കായി 27 വിഭാഗങ്ങൾക്ക് പരിഗണനയും സാമ്പത്തിക സഹായവും നൽകിയപ്പോൾ സർക്കാറിന് കൂടുതൽ സാമ്പത്തിക സ്രോതസ്സ് നൽകുന്ന വ്യാപാര മേഖലയെ പൂർണമായും അവഗണിച്ചു.
സ്വർണത്തിനും ആഡംബര വസ്തുക്കൾക്കും പ്രളയ സെസ് ഏർപ്പെടുത്തിയത് വ്യാപാര മേഖലയെ പ്രതികൂലമായി ബാധിക്കും. കേരളത്തിലെ വ്യാപാരം അയൽ സംസ്ഥാനങ്ങളിലേക്ക് നീങ്ങും. പ്രളയക്കെടുതി, നിപ, നോട്ടുനിരോധനം എന്നിവ കാരണം 15 ശതമാനം നികുതിവർധന ഉണ്ടായില്ല എന്നതുമാത്രം മതിയായിരുന്നു വ്യാപാര മേഖലയെ ബജറ്റിൽ പരിഗണിക്കാൻ. 1000 കോടിയിലേറെ രൂപയുടെ നാശനഷ്ടമുണ്ടായ വ്യാപാരമേഖലയിൽ 10 കോടി രൂപ ക്ഷേമനിധിയിലേക്ക് അനുവദിച്ചത് നേട്ടമുണ്ടാക്കില്ല. 40 ലക്ഷത്തിൽ താഴെ വിറ്റുവരവുള്ള ചെറുകിട വ്യാപാരികൾക്ക് ജി.എസ്.ടി രജിസ്ട്രേഷൻ വേണ്ടെന്ന നിയമം കേരളത്തിൽ നടപ്പാക്കിയത് സ്വാഗതാർഹമാണ്.
ഇതര സംസ്ഥാനങ്ങളിൽനിന്ന് വരുന്ന സാധനങ്ങൾ പരിശോധിക്കുന്നതിനെ എതിർക്കുന്നില്ല. എന്നാൽ, ചെറുകിട വ്യാപാര സ്ഥാപനങ്ങളിൽ പോലും ടെസ്റ്റ് പർച്ചേസ് എന്നപേരിൽ നടത്തുന്ന നികുതി ഉദ്യോഗസ്ഥരുടെ പരിശോധനയെ എതിർക്കുമെന്ന് നസിറുദ്ദീൻ പറഞ്ഞു. സംസ്ഥാന സെക്രട്ടറി കെ. സേതുമാധവൻ, കെ.പി. അബ്ദുറസാഖ്, എ.വി.എം. കബീർ, സി.ജെ. ടെന്നിസൺ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
ഇരുട്ടടി –മുല്ലപ്പള്ളി
തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ക്കുള്ള ഇരുട്ടടിയാണ് സംസ്ഥാന ബജറ്റെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. കഴിഞ്ഞ രണ്ട് ബജറ്റിലും വാഗ്ദാന പെരുമഴയാണ് നടത്തിയതെങ്കില്‍ ഈ ബജറ്റില്‍ വാഗ്ദാനങ്ങളുടെ മഹാപ്രളയമാണ്. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ടുള്ള വാചക കസര്‍ത്തുമാത്രമാണ് ബജറ്റ് പ്രഖ്യാപനങ്ങള്‍. മുന്‍കാല ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളുടെ നിജസ്ഥിതി സംബന്ധിച്ച് ധവളപത്രം ഇറക്കാന്‍ പിണറായി സര്‍ക്കാര്‍ തയാറാകണം.
ജനജീവിതം ദുഷ്കരമാക്കും–ഹമീദ് വാണിയമ്പലം
തിരുവനന്തപുരം: ജനപ്രിയമെന്ന് തോന്നിപ്പിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രങ്ങളാണ് തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലുള്ളതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. സംസ്ഥാനത്തിന് നികുതി നിർണയിക്കാന്‍ അധികാരമുള്ള എല്ലാ മേഖലയിലും നികുതി വർധിപ്പിച്ചത് വിലക്കയറ്റമുണ്ടാക്കും.
ഇത് ജനങ്ങളുടെ ജീവിതം ദുഷ്കരമാക്കും. ക്ഷേമ പെന്‍ഷനുകളില്‍ വരുത്തിയ വർധന നാമമാത്രമാണ്. പ്രളയാനന്തര നവകേരളത്തിന് ഭാവനാകരമായ ഒരു പദ്ധതിയും പ്രഖ്യാപിക്കാന്‍ കഴിഞ്ഞിട്ടില്ല. നേരത്തേ പ്രഖ്യാപിച്ച ചില കാര്യങ്ങളെ 25 ഇന പരിപാടി എന്നതരത്തില്‍ വീണ്ടും ആവര്‍ത്തിക്കുക മാത്രമാണ് ധനമന്ത്രി ചെയ്തത്. മത്സ്യത്തൊഴിലാളികളെയും തീരദേശ ജനതയെയും അവഗണിക്കുന്ന സമീപനമാണ് ബജറ്റിലുള്ളത്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് മുന്‍കാലങ്ങളില്‍ പ്രഖ്യാപിച്ച ഒരു പദ്ധതിയും നടപ്പാക്കാതെ ഇപ്പോള്‍ 20 കോടി പ്രഖ്യാപിച്ചിരിക്കുന്നത് കബളിപ്പിക്കാന്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ജനകീയ പദ്ധതികൾ –കാനം
തിരുവനന്തപുരം: ജനപക്ഷത്തോടൊപ്പം നിൽക്കുന്ന ജനകീയ പദ്ധതികളാണ് ബജറ്റിൽ ഉള്ളതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സ്ത്രീശാക്തീകരണത്തിന് ഊന്നൽനൽകിക്കൊണ്ടുള്ള പദ്ധതികൾക്കും ബജറ്റ് രൂപം നൽകുന്നു. സംസ്ഥാന ഗവൺമെൻറിനെ എല്ലാ അർഥത്തിലും മുക്കിക്കൊല്ലാൻ ശ്രമിക്കുന്ന കേന്ദ്രത്തിെൻറ നയങ്ങളെ മറികടന്ന് കേരളത്തിെൻറ വികസനത്തിന് പുതിയ ദിശാമുഖം നൽകാൻ ബജറ്റ് വിഭാവനംചെയ്യുെന്നന്നും അദ്ദേഹം പറഞ്ഞു.
അധിക നികുതി സിനിമയെ തകർക്കും –ഫെഫ്ക
കൊച്ചി: സിനിമ ടിക്കറ്റിന് 10 ശതമാനം നികുതി ഏർപ്പെടുത്താനുള്ള ബജറ്റ് തീരുമാനം പിൻവലിക്കണമെന്ന് സിനിമ സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയായ ഫെഫ്ക ആവശ്യപ്പെട്ടു. തീരുമാനം സിനിമ വ്യവസായത്തിെൻറ കടക്കൽ കത്തിവെക്കുന്നതാണെന്ന് ഫെഫ്ക എക്സിക്യൂട്ടിവ് അംഗവും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. സെസ് ഏർപ്പെടുത്തുന്നതിനെതിരെ സിനിമ സംഘടനകൾ സംയുക്തമായി ധനമന്ത്രി തോമസ് ഐസക്കിന് നിവേദനം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
