ബജറ്റ്: ആനയെയും കടുവയെയും ഉള്‍പ്പെടുത്തി കോണ്‍ക്ലേവ് ആകാമായിരുന്നു-വി. മുരളീധരൻ
text_fieldsതിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സാധാരണക്കാര്‍ക്ക് ഒന്നും നല്‍കിയില്ലെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. 2500 രൂപ ക്ഷേമപെന്‍ഷന്‍ നല്‍കുമെന്ന് പറഞ്ഞ് വോട്ട് തേടിയവർ ഒറ്റപ്പൈസ കൂട്ടിയില്ല. പെന്‍ഷന്‍ കുടിശിക കൊടുത്തുതീര്‍ക്കുമെന്ന് കഴിഞ്ഞ ബജറ്റിലും പറഞ്ഞതാണെന്ന് മുരളീധരന്‍ പറഞ്ഞു.
ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണവും ഡിഎ കുടിശികയും എന്തായി എന്നും അദ്ദേഹം ചോദിച്ചു.ആദായനികുതി ഇളവിലൂടെ കേന്ദ്രസര്‍ക്കാര്‍ സാധാരണക്കാര്‍ക്കൊപ്പം നിന്നപ്പോള്‍ അവരെ ശിക്ഷിക്കുന്ന സമീപനമാണ് സംസ്ഥാനസര്‍ക്കാരിന്‍റേത്. ഗ്രീൻ എനർജി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രോല്‍സാഹിപ്പിക്കേണ്ട ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കേരളത്തില്‍ വിലകൂട്ടുന്നത് സര്‍ക്കാരിന്‍റെ ദീര്‍ഘവീക്ഷണമില്ലായ്മ വ്യക്തമാക്കുന്നു.
അന്യസംസ്ഥാന വാഹനങ്ങളുടെ നികുതികൂട്ടുന്നത് വിനോദസഞ്ചാരമേഖലക്ക് തിരിച്ചടിയാവും. കേന്ദ്രസര്‍ക്കാരിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് കെ.എന്‍ ബാലഗോപാല്‍ ഉന്നയിച്ചത്. കേന്ദ്രത്തിൽ നിന്ന് 50,000 കോടി കിട്ടാനുണ്ടെന്ന് കള്ളം പറയുകയാണ് മന്ത്രി. ജിഎസ്ടി നഷ്ടപരിഹാരവും റവന്യു കമ്മി ഗ്രാന്‍റും സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളാണ് നടത്തിയത്.
അടിസ്ഥാനസൗകര്യവികസനത്തിനായുള്ള മൂലധനനിക്ഷേപമായി 124.25 കോടി രൂപ ഇന്നലെ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അനുവദിച്ചിരുന്നു. കഴിഞ്ഞ ബജറ്റിൽ പ്രധാനപ്പെട്ട അടിസ്ഥാന വികസന പദ്ധതിയായി വിശേഷിപ്പിച്ച വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിംഗ് റോഡ് ഇപ്പോഴും യാഥാർഥ്യമാകാതെ തുടരുകയാണ്. മുതലപ്പൊഴി തുറമുഖത്തിന്‍റെ നവീകരണ പദ്ധതി ഇപ്പോഴും ആരംഭിച്ചിട്ടില്ല. വയനാട്ടിൽ ടൗൺഷിപ്പ് എന്ന് പൂര്‍ത്തിയാകും എന്ന് പറയാൻ കഴിയുന്നില്ല
ബജറ്റിലെ ബഹുഭൂരിപക്ഷം പ്രഖ്യാപനങ്ങളും കേന്ദ്രപദ്ധതികളാണ്. ദേശീയപാത നരേന്ദ്രമോദി സര്‍ക്കാര്‍ പൂർത്തിയാക്കുമ്പോൾ ക്രെഡിറ്റ് എടുക്കാന്‍ ശ്രമിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പണ്ട് പാലാക്കായിരുന്നു ബജറ്റില്‍ പ്രാധാന്യമെങ്കില്‍ ഇപ്പോള്‍ ധനമന്ത്രിയുടെ ജില്ലയായ കൊല്ലത്തിനാണ് കോളടിക്കുന്നത്. ഫിനാന്‍ഷ്യല്‍ കോണ്‍ക്ലേവ്, എ.ഐകോണ്‍ക്ലേവ് എന്നിവ പോലെ പാമ്പുകടി തടയുന്നതിന് പാമ്പുകളെ ഉള്‍പ്പെടുത്തി കോണ്‍ക്ലേവ്, വന്യജീവി ശല്യത്തെക്കുറിച്ച് ആനയെയും കടുവയെയും ഉള്‍പ്പെടുത്തി കോണ്‍ക്ലേവ് എന്നിവയും ആകാമായിരുന്നെന്ന് മുരളീധരന്‍ പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

