'ബുക്കനാനിയ എബ്രഹാമിയാന'; പുതിയ വൃക്ഷം കണ്ടെത്തി
text_fieldsപുതുതായി കണ്ടെത്തിയ വൃക്ഷം. വൃക്ഷത്തിന്റെ പൂവും കായും
പാലോട്: 'ബുക്കനാനിയ എബ്രഹാമിയാന' എന്ന പുതിയ വൃക്ഷം കണ്ടെത്തി. പാലോട് ജവഹർലാൽ നെഹ്റു ട്രോപിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപക ഡയറക്ടർ പ്രഫ. എ. അബ്രഹാമിന്റെ 108ാം ജന്മവാർഷിക ആചരണത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ സ്മരണക്കായാണ് പുതുതായി കണ്ടെത്തിയ വൃക്ഷത്തിന് ഈ പേര് നൽകിയത്.
'അനക്കാർഡിയെസിയെ'സസ്യ കുടുംബത്തിലെ 'കുളമാവ്'വർഗത്തിൽപ്പെടുന്ന ഈ പുതിയ സസ്യത്തെ തിരുവനന്തപുരം ജില്ലയിലെ പാലോട് നിന്നുമാണ് കണ്ടെത്തിയത്. ഫിൻലൻഡിൽനിന്നും പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര ജേണലായ 'അന്നൽസ് ബോട്ടാനിസി ഫെന്നിസി'യുടെ ഏറ്റവും പുതിയ ലക്കത്തിലാണ് ഈ കണ്ടെത്തൽ സംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചത്. പാലോട് ബൊട്ടാണിക് ഗാർഡനിലെ ഗവേഷകരായ ഡോ. ഇ.എസ്. സന്തോഷ് കുമാർ, എസ്.എം. ഷെരീഫ് എന്നിവരാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്.
വനങ്ങളിൽ കാണുന്ന 'മൂങ്ങാപ്പേഴ്'നോടും ലോകത്ത് തിരുവനന്തപുരം ജില്ലയിൽ മാത്രം കാണുന്ന 'മലമാവ്'(ബുക്കനാനിയ ബാർബറി ) നോടുമാണ് സാമ്യമുള്ളത്. ഇല പൊഴിക്കുന്ന സ്വഭാവമുള്ള ഈ വൃക്ഷം സമുദ്രനിരപ്പിൽനിന്നും 100 മീറ്ററിന് താഴെയുള്ള ഇല പൊഴിക്കും കാടുകളിലും പുഴയോര വനങ്ങളിലുമാണ് കാണപ്പെടുന്നത്.
പുതിയ വൃക്ഷത്തിന്റെ പഴങ്ങളും വിത്തുകളും ഭക്ഷ്യ യോഗ്യമാണ്. എണ്ണത്തിൽ വളരെ കുറവുള്ള ഈ സസ്യത്തിന്റെ തുടർസംരക്ഷണത്തിന് ടി.ബി.ജി.ആർ.ഐ പ്രവർത്തനങ്ങൾ ആരംഭിച്ചു.
ബുക്കനാനിയ ജനുസിൽ ലോകത്താകെ 25 മുതൽ 30 വരെ സസ്യങ്ങളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഇതിൽ എട്ടെണ്ണം ഇന്ത്യയിൽ കാണുന്നവയാണ്. കൂടാതെ, ഇതിന്റെ മറ്റൊരു വകഭേദത്തെകൂടി പാലോടുനിന്നും ഗവേഷകർ കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

