ബി.എസ്.എൻ.എൽ രണ്ടാം വി.ആർ.എസ്; പിന്നിൽ പുറംകരാർ താൽപര്യം
text_fieldsതൃശൂർ: പൊതുമേഖല ടെലികോം സ്ഥാപനമായ ബി.എസ്.എൻ.എല്ലിൽ രണ്ടാമതൊരു സ്വയം വിരമിക്കൽ കൂടി (വി.ആർ.എസ്) നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനു പിന്നിൽ പുറംകരാർവത്കരണ താൽപര്യമെന്ന ആക്ഷേപം ശക്തം. വ്യാപകമായി പുറംകരാർ നൽകി സേവനം മോശമാക്കാനും അതുവഴി ബി.എസ്.എൻ.എല്ലിനെ സ്വാഭാവിക മരണത്തിലേക്കും ആസ്തി സ്വകാര്യവത്കരണത്തിലേക്കും നയിക്കാനാണ് കേന്ദ്ര നീക്കമെന്ന് കമ്പനിയുമായി ബന്ധപ്പെട്ടവർ തന്നെ ആരോപിക്കുന്നു.
ഒരുകാലത്ത് സ്വകാര്യ കമ്പനികളെ അപേക്ഷിച്ച് ബി.എസ്.എൻ.എല്ലിന്റെ അഭിമാനമായിരുന്ന എഫ്.ടി.ടി.എച്ച് (ഫൈബർ ടു ദ ഹോം) തുടർസേവനത്തിന്റെ പോരായ്മ മൂലം മൃതാവസ്ഥയിലാണ്. എഫ്.ടി.ടി.എച്ച് കണക്ഷൻ ഉപേക്ഷിക്കുന്നവർ നാൾക്കുനാൾ കൂടുകയാണ്. കണക്ഷൻ നൽകലും തുടർസേവനവും സ്വകാര്യ സ്ഥാപനങ്ങൾക്ക് കരാർ നൽകിയ ശേഷമാണ് മോശം സാഹചര്യം രൂപപ്പെട്ടത്. ഇതിൽ നിന്നുള്ള വരുമാനത്തിന്റെ 50 ശതമാനം സ്വകാര്യ സ്ഥാപനങ്ങൾക്കാണ് നൽകുന്നത്. എഫ്.ടി.ടി.എച്ച് സേവനം പൂർണമായും ബി.എസ്.എൻ.എൽ ഏറ്റെടുക്കണമെന്ന ജീവനക്കാരുടെ സംഘടനകളുടെ ആവശ്യം, ആവശ്യത്തിന് ജീവനക്കാരില്ലെന്ന് പറഞ്ഞാണ് മാനേജ്മെന്റ് തള്ളിയത്. അതേ മാനേജ്മെന്റും കേന്ദ്ര സർക്കാറുമാണ് ഇപ്പോൾ 25,000ത്തോളം പേരെക്കൂടി രണ്ടാം വി.ആർ.എസിലൂടെ കുറക്കാൻ ശ്രമിക്കുന്നത്!
അടുത്തിടെ എം.ടി.എൻ.എൽ സേവനം കൂടി ഏറ്റെടുത്ത ബി.എസ്.എൻ.എല്ലിൽ 29750 എക്സിക്യൂട്ടിവ് വിഭാഗം ജീവനക്കാരും 26,435 നോൺ-എക്സിക്യൂട്ടിവ് ജീവനക്കാരുമാണ് ഇപ്പോഴുള്ളത്. 80,000ത്തോളം ജീവനക്കാർ ജോലി അവസാനിപ്പിച്ച 2020ലെ ആദ്യ വി.ആർ.എസിനുശേഷം ലാൻഡ് ലൈൻ, ബ്രോഡ്ബാൻഡ് തുടർ സേവനം (അറ്റകുറ്റപ്പണി) പൂർണമായി പുറംകരാർ നൽകി. ജിയോ, എയർടെൽ, വി.ഐ എന്നിവക്ക് 4ജി, 5ജി വികസിപ്പിക്കാനുള്ള സാമഗ്രികൾ നോക്കിയ, എറിക്സൺ, സാംസങ് എന്നീ വിദേശ കമ്പനികളിൽനിന്ന് വാങ്ങാൻ അനുമതി നൽകിയ കേന്ദ്രം ബി.എസ്.എൻ.എൽ ഇവ രാജ്യത്തിനകത്തുനിന്ന് കണ്ടെത്തണമെന്ന് വ്യവസ്ഥ വെച്ചതിനാൽ കമ്പനി ഇപ്പോഴും ത്രീജി കാലത്ത് ഇഴയുകയാണ്.
ജൂലൈയിൽ സ്വകാര്യ കമ്പനികൾ നിരക്ക് കൂട്ടിയ ശേഷം ബി.എസ്.എൻ.എല്ലിലേക്ക് പോർട്ട് ചെയ്തവരുടെ തിരിച്ചുപോക്കിന്റെ ഗതിവേഗം ഇപ്പോൾ ശക്തമാണ്. 2019, 2022, 2023 വർഷങ്ങളിൽ കേന്ദ്രം അവതരിപ്പിച്ച ബി.എസ്.എൻ.എൽ പുനരുദ്ധാരണ പാക്കേജുകളാകട്ടെ ഫലത്തിൽ കണ്ണിൽ പൊടിയിടലായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.