ഗുരുവായൂര്‍: ബേക്കറി ജീവനക്കാരിയുടെ പണവും പാദസരവും മൊബൈൽ ഫോണുകളും മോഷ്ടിച്ച പ്രതികളെ ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തു. പുന്നത്തൂർ റോഡ് ജങ്ഷനിലെ അമൽ ബേക്കറിയിലെ ജീവനക്കാരിയുടെ ബാഗ് ഈ മാസം 11ന് മോഷ്ടിച്ച സംഭവത്തിലാണ് സഹോദരങ്ങളായ മൂന്നുപേർ അറസ്റ്റിലായത്.
മണ്ണാർക്കാട് പൊട്ടാശ്ശേരി സ്വദേശികളായ കണ്ണനൂർ വീട്ടിൽ ഷെമിൻ (റിജോ 21), ഷെറിൻ (റിനോ 20), പ്രിൻസ് (റിൻസ് 18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബി.എസ്.എൻ.എൽ ഓഫിസ് പരിസരത്ത് സംശയാസ്പദമായനിലയിൽ കാണപ്പെട്ടതിനെ തുടർന്ന് എസ്.ഐ വി.പി. അഷ്റഫിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചോദ്യംചെയ്തപ്പോഴാണ് ഇവർ കുറ്റം സമ്മതിച്ചത്. ഇവരുടെ കൈവശമുള്ള ബാഗിൽനിന്ന് ബേക്കറിയിൽ നഷ്ടപ്പെട്ട പണം ഒഴികെയുള്ളവ കണ്ടെടുത്തു.
ഇതിന് പുറമെ ഏഴ് മൊബൈൽ ഫോണുകൾ, തിരിച്ചറിയൽ കാർഡുകൾ, എ.ടി.എം കാർഡുകൾ എന്നിവയും കൈവശമുണ്ടായിരുന്നു. പ്രതികൾക്ക് പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്, നാട്ടുകൽ, കല്ലടിക്കോട് തുടങ്ങിയ സ്റ്റേഷനുകളിലായി എട്ട് കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.