17 വയസുകാരന് ബൈക്ക് നൽകിയ സഹോദരന് തടവും പിഴയും; ലൈസൻസ് മൂന്നു മാസത്തേക്ക് റദ്ദാക്കി
text_fieldsകാക്കനാട്: 17 വയസുകാരനായ സഹോദരന് ബൈക്ക് ഓടിക്കാൻ നൽകിയ യുവാവിന് തടവും പിഴയും. ഒരു ദിവസത്തെ തടവും 34,000 രൂപയുമാണ് അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. വാഹനത്തിന്‍റെ ആർ.സി ഉടമയായ യുവാവിന്‍റെ ഡ്രൈവിങ് ലൈസൻസ് മൂന്നു മാസത്തേക്ക് റദ്ദാക്കി.
സഹോദരനുമായി പോവുകയായിരുന്ന 17കാരനെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് ആണ് ആലുവയിൽ വെച്ച് പിടികൂടിയത്. രക്ഷിതാക്കളെ വിളിച്ചു വരുത്തിയ ശേഷം കേസ് ജുവനൈൽ ബോർഡിന് കൈമാറി.
പ്രായപൂർത്തിയാകാത്ത വ്യക്തിക്ക് വാഹനം ഓടിക്കാൻ നൽകിയതിന് സഹോദരന് 25,000 രൂപ, ലൈസൻസ് ഇല്ലാത്ത ആൾക്ക് ബൈക്ക് നൽകിയതിന് 5000 രൂപ, നമ്പർ പ്ലേറ്റ് ഇല്ലാത്തതിന് 2000 രൂപ, ഇൻഡിക്കേറ്ററും കണ്ണാടിയും ഇല്ലാത്തതിന് 500 രൂപ വീതം, സാരി ഗാർഡ് ഉൾപ്പെടെ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതിന് 1000 രൂപ എന്നിങ്ങനെയാണ് പിഴയുടെ വിശദാംശങ്ങൾ. ബൈക്കിന്‍റെ ആർ.സി ഒരു വർഷത്തേക്ക് റദ്ദാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

