സഹോദരൻ ടി.വി റിമോട്ട് നൽകിയില്ല; 13കാരൻ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചു
text_fieldsപാലക്കാട്: സഹോദരനുമായി ടി.വി റിമോട്ടിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് പാലക്കാട് 13 വയസ്സുകാരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തച്ചമ്പാറ മുത്തുകുറുശ്ശി സ്വദേശി പ്രദോഷ് ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11.30നാണ് സംഭവം നടന്നത്. രാവിലെ പ്രദോഷ് സഹോദരനുമായി ടി.വി റിമോട്ടിനുവേണ്ടി വഴക്കിടുകയും ഭക്ഷണം കഴിക്കാൻ കൂട്ടാക്കാതിരിക്കുകയും ചെയ്തു. ഭക്ഷണം കഴിച്ചതിനുശേഷം മാത്രമേ ടി.വി റിമോട്ട് നൽകൂ എന്ന് അമ്മ പറഞ്ഞതോടെ കുട്ടി ദേഷ്യപ്പെട്ട് മുകളിലത്തെ നിലയിലെ തന്റെ കിടപ്പുമുറിയിലേക്ക് പോവുകയായിരുന്നു എന്ന് കല്ലടിക്കോട് പൊലീസ് പറഞ്ഞു.
'ഏകദേശം 15 മിനിറ്റിനുശേഷം അമ്മ മുകളിലെ മുറിയിൽ ചെന്നു നോക്കിയപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു,' പൊലീസ് വ്യക്തമാക്കി. സംഭവം നടക്കുമ്പോൾ പ്രദോഷും അമ്മയും ഇളയ സഹോദരനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. പിതാവ് പ്രമോദ് യു.എ.ഇയിലാണ് ജോലി ചെയ്യുന്നത്. തച്ചമ്പാറയിലെ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് പ്രദോഷ്. പാലക്കാട് ജില്ലാ ഗവൺമെന്റ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ കല്ലടിക്കോട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

