തൃശൂർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വീട്ടിൽ നുണ നിർമാണ യന്ത്രമുണ്ടെന്നും ഇതിൽനിന്ന് പഠിച്ചാണ് അദ്ദേഹം നുണബോംബുകൾ ഇടുന്നതെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. എൽ.ഡി.എഫ് പ്രചാരണ പരിപാടികളിൽ സംസാരിക്കുകയായിരുന്നു അവർ. നുണനിർമാണ യന്ത്രം ഇരിക്കുന്നത് ചെന്നിത്തലയുടെ വീട്ടിലാണെങ്കിലും അതിെൻറ ചാർജർ കുത്തിയിരിക്കുന്നത് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രെൻറ വീട്ടിലാണ്.
രാവിലെ ചെന്നിത്തല യന്ത്രത്തോട് പുതിയ വിവരങ്ങൾ ചോദിക്കും. പിന്നെ തനിക്ക് ബോംബ് കിട്ടിയിട്ടുണ്ടെന്ന് വിളിച്ചുപറയും. എന്നാൽ, ബോംബെല്ലാം സ്വന്തം പോക്കറ്റിലിരുന്നാണ് പൊട്ടുന്നത്. കേരളത്തിലെ വികസന മുന്നേറ്റം കണ്ട് കോൺഗ്രസിെൻറയും ബി.ജെ.പിയുടെയും പ്രാദേശിക നേതാക്കൾ മുതൽ ദേശീയ നേതാക്കൾ വരെയുള്ളവർക്ക് നില തെറ്റിയിരിക്കുകയാണ്. ഈ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലൊന്നുമില്ലാത്ത മാതൃകാപദ്ധതികളാണ് കേരളം നടപ്പാക്കുന്നത്. തൊഴുത്ത് പണിയാനുള്ള പണം പോലും മോദി നൽകുന്നില്ലെന്നും വൃന്ദ പറഞ്ഞു.