ചേർത്തലയിൽ നവവധുവിന്‍റെ മരണം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ
text_fieldsചേർത്തല: എട്ടുദിവസംമുമ്പ് ഭർതൃവീട്ടിൽ കുളിമുറിയിൽ നവവധുവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ ഭർത്താവും പാരമ്പര്യ ആയുർവേദ വൈദ്യനുമായ അപ്പുക്കുട്ടൻ (50) അറസ്റ്റിൽ. ഈമാസം 26ന് ചേർത്തല കാളികുളം അനന്തപുരം വീട്ടിൽ നവവധു ഹേനയാണ് (42) കൊല്ലപ്പെട്ടത്. കൊട്ടാരക്കര വെളിനല്ലൂർ പഞ്ചായത്ത് 12ാം വാർഡ് മേലേപ്പറമ്പിൽ അശ്വതി ഭവനിൽ പ്രേംകുമാറിന്‍റെയും ഇന്ദിരയുടെയും മകളാണ് ഹേന. കഴിഞ്ഞ ഒക്ടോബർ 25നായിരുന്നു ആയിരുന്നു വിവാഹം. മാനസിക വെല്ലുവിളി നേരിടുന്നയാളായിരുന്നു ഹേനയെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ 26ന് രാവിലെ 11.30ന് വീട്ടിലെ കുളിമുറിയിൽ വീണ് ബോധരഹിതയായെന്ന് അറിയിച്ച് അപ്പുക്കുട്ടനും സുഹൃത്തുക്കളും ചേർന്ന് ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. തുടർന്ന്, ചേർത്തല പൊലീസും ഹേനയുടെ കുടുംബവും സ്ഥലത്തെത്തി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം കൊല്ലത്തെ വീട്ടിൽ മൃതദേഹം സംസ്കരിച്ചു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശരീരത്തിലെ മുറിവുകൾ കണ്ട് ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചതോടെ ചേർത്തല സി.ഐ ബി. വിനോദ്കുമാർ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. തലക്കുള്ളിൽ 13 പരുക്കുൾപ്പെടെ ആകെ 28 പരിക്കുകൾ മൃതദേഹത്തിലുണ്ടെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. രണ്ടാഴ്ച മുതൽ സംഭവസമയം വരെയുള്ളതാണ് ഈ മുറിവുകൾ. കഴുത്തിലും കവിളിലും വിരലുകൾ പതിഞ്ഞ പാടുമുണ്ട്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫോറൻസിക് വിദഗ്ധൻ ഡോ. എൻ.കെ. ഉന്മേഷിന്‍റെ അഭിപ്രായം തേടിയശേഷം അപ്പുക്കുട്ടനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന അപ്പുക്കുട്ടന്‍റെ സുഹൃത്ത് വാരനാട് സ്വദേശി ബൈജു, സഹോദരി ഉഷ എന്നിവരെയും കസ്റ്റഡിയിൽ എടുത്ത് മൂവരെയും ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്തത്.
ഹേന മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് അറിഞ്ഞായിരുന്നു വിവാഹം. എന്നാൽ, ഹേനയുടെ പെരുമാറ്റത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ച അപ്പുക്കുട്ടൻ വഴക്കടിക്കലും ഉപദ്രവിക്കലും പതിവായിരുന്നു. സംഭവ ദിവസം വീടിന് മുകൾനിലയിലെ കുളിമുറിയിൽ ഹേനയെ കുളിപ്പിക്കാനായി അപ്പുക്കുട്ടൻപോയി. ഹേനയുടെ തലയിൽ അപ്പുക്കുട്ടൻ എണ്ണ തേച്ചപ്പോൾ ഹേന എതിർത്തു.
ഇതേ തുടർന്നുള്ള ദേഷ്യത്തിൽ കഴുത്തിന് കുത്തിപ്പിടിച്ച് കുളിമുറിയുടെ ഭിത്തിയിൽ തല ഇടിപ്പിച്ച് ഉരസിയതോടെ ബോധരഹിതയായി. തുടർന്ന്, ബൈജുവിനെയും ഉഷയെയും വിളിച്ചുവരുത്തി ആശുപത്രിയിൽ എത്തിച്ചെന്നാണ് കുറ്റസമ്മതം. അപ്പുക്കുട്ടൻ ഓരോ തവണയും ഭാര്യാപിതാവിനോട് പണവും സാധനങ്ങളും ആവശ്യപ്പെടുമ്പോൾ നൽകുമായിരുന്നു. സ്ഥലത്തിന്‍റെ ആവശ്യത്തിലേക്ക് ഏഴുലക്ഷം രൂപ അടുത്തിടെ ഭാര്യാപിതാവിനോട് ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. അതും കൊലപാതകത്തിന് കാരണമാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ആദ്യം അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതോടെയാണ് ഗാർഹികപീഡനത്തിനും സ്ത്രീധന നിരോധനനിയമപ്രകാരവും കൊലപാതകത്തിനും കേസെടുത്തത്. പ്രതിയെ വെള്ളിയാഴ്ച തെളിവെടുപ്പിനുശേഷം കോടതിയിൽ ഹാജരാക്കും.
ജില്ല പൊലീസ് മേധാവി ജി. ജയദേവ്, ചേർത്തല ഡിവൈ.എസ്.പി ടി.ബി. വിജയൻ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

