വിവാഹപ്പന്തലിൽ പ്രിയതമന് ഫസ്മിത നൽകിയത് സ്വന്തമായി കാലിഗ്രഫിയിൽ 10 മാസംകൊണ്ട് പകർത്തിയെഴുതിയ ഖുർആൻ
text_fieldsഫസ്മിത ഷെറിൻ വരന് നൽകാനായി പകർത്തിയെഴുതിയ ഖുർആൻ, 2) പകർത്തിയെഴുതിയ ഖുർആൻ വരൻ റിസിലിന് വിവാഹവേദിയിൽവെച്ച് കൈമാറുന്നു
കൽപറ്റ: വിലയേറിയ സമ്മാനങ്ങളും സ്വർണാഭരണങ്ങളും നൽകി കല്യാണച്ചടങ്ങുകൾ വലിയ ആഘോഷങ്ങളാക്കുന്ന കാലത്ത് അപൂർവ സമ്മാനവുമായാണ് ഫസ്മിത ഷെറിൻ വിവാഹപ്പന്തലിൽ എത്തിയത്. സ്വന്തമായി കാലിഗ്രഫിയിൽ 10 മാസംകൊണ്ട് പകർത്തിയെഴുതിയ ഖുർആനുമായി ശനിയാഴ്ച ഫസ്മിത വിവാഹപ്പന്തലിലെത്തിയപ്പോൾ ഏറെനാളത്തെ കഠിനപ്രയത്നത്തിന്റെ സാക്ഷാത്കാരം കൂടിയായി.
മേപ്പാടി മുക്കിൽപീടിക അബുത്വൽഹത്ത്- ഷഹർബാൻ ദമ്പതികളുടെ മകൾ ഫസ്മിത ഷെറിന് വിവാഹാലോചനകൾ തുടങ്ങിയപ്പോഴേ തീരുമാനിച്ചതാണ് തന്റെ നല്ലപാതിക്ക് മികച്ചൊരു വിവാഹസമ്മാനം നൽകണമെന്ന്. അങ്ങനെയാണ് 10 മാസം മുമ്പ് അറബിക് അധ്യാപികയും മെന്ററുമായ ഫസ്മിത ഷെറിൻ ഖുർആൻ പകർത്തി എഴുതാൻ തുടങ്ങിയത്.
ചെറുപ്പം തൊട്ടേ കാലിഗ്രഫിയിൽ കമ്പമുള്ള ഫസ്മിതക്ക് പക്ഷേ ഖുർആൻ തെറ്റുകൂടാതെ എഴുതിയെടുക്കണമെന്നത് വലിയ കടമ്പതന്നെയായിരുന്നു. ഖുർആൻ വചനങ്ങളും അറബിവാക്യങ്ങളും കാലിഗ്രഫിയിൽ എഴുതിയെടുക്കാറുണ്ടായിരുന്നെങ്കിലും അച്ചടിക്കുന്ന അതേരൂപത്തിൽ ഖുർആൻ മുഴുവൻ തെറ്റുകൂടാതെ പകർത്തുകയായിരുന്നു 20കാരിയുടെ ലക്ഷ്യം.
സമയംകിട്ടുമ്പോഴൊക്കെ ഓരോ വചനങ്ങളും സസൂക്ഷ്മം എഴുതിയെടുത്തു. പലതവണ മാറ്റിയെഴുതിയും വായിച്ചുനോക്കിയുമാണ് ഖുർആൻ മുഴുവൻ കുറഞ്ഞ സമയംകൊണ്ട് എഴുതി പൂർത്തിയാക്കിയത്. ശനിയാഴ്ച വിവാഹവേദിയിൽവെച്ച് തലശ്ശേരി സ്വദേശി റിസിലിന് ഖുർആന്റെ കൈയെഴുത്ത് പ്രതി കൈമാറുമ്പോൾ സാക്ഷിയാവാൻ നിരവധി പേരെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

