ഹര്‍ത്താല്‍ ചതിച്ചു: വധു വിവാഹ വേദിയില്‍നിന്ന് പരീക്ഷ ഹാളിലേക്ക്
text_fieldsഇരിങ്ങാലക്കുട: ജീവിത പരീക്ഷണങ്ങള്‍ ആരംഭിക്കുന്നത് വൈവാഹിക ജീവിതം തുടങ്ങുന്നതോടെയാെണന്ന് ചിലര്‍ പറയുമെങ്കിലും വിവാഹ ജീവിതത്തിലെ ആദ്യ ‘പരീക്ഷ’യെഴുതാൻ ഹാളിൽ ഒാടിയെത്താനുള്ള പാച്ചിൽ അതികഠിനമാണെന്ന് നുസ്റത്ത് ഉറപ്പിച്ച് പറയും. പടിയൂര്‍ സ്വദേശി മതിലകത്ത് വീട്ടില്‍ അബ്ദുൽ കരീമിെൻറയും നൗഷത്തിെൻറയും മകള്‍ നുസ്റത്ത് വിവാഹവേദിയില്‍നിന്ന് പരീക്ഷഹാളിലേക്കുള്ള ഒാട്ടപ്പാച്ചിലിന് കാരണമായ ഹർത്താലിനെ ആയിരംവട്ടം പഴിച്ചിരുന്നു. ഒടുവിൽ വിവാഹവേഷത്തിൽതന്നെ പരീക്ഷയെഴുതി.
കാലിക്കറ്റ് സർവകലാശാല ബി.കോം ഫൈനല്‍ സെമസ്റ്റർ ടാക്സ് പരീക്ഷ ഏപ്രിൽ ഒമ്പതിന് നടക്കും. രണ്ട് ദിവസത്തിന് ശേഷം വിവാഹം. നുസ്റത്തിെൻറയും കുടുംബത്തിെൻറയും കണക്കൂട്ടൽ ഇതായിരുന്നു. എന്നാൽ അപ്രതീക്ഷിത ഹർത്താൽ ആ കണക്കൂട്ടൽ തെറ്റിച്ചു. സർവകലാശാല പരീക്ഷകൾ മാറ്റി. തിങ്കളാഴ്ചയിലെ പരീക്ഷ വ്യാഴാഴ്ചത്തേക്ക്... ഇടിവെട്ട്പോലെ തോന്നി അവർക്ക് ആ പ്രഖ്യാപനം. വിവാഹത്തിനായി എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നതിനാൽ വിവാഹം മാറ്റിവെക്കൽ പ്രായോഗികമായിരുന്നില്ല. ഭാവി വരെൻറ വീട്ടുകാർ മതിലകത്ത് വീട്ടില്‍ നൂറുദ്ദീെൻറ മകന് ഫവാസിെൻറയും കുടുംബത്തിെൻറയും അനുവാദത്തോടെ നിക്കാഹ് കഴിഞ്ഞ ഉടൻ പരീക്ഷയെന്ന തീരുമാനത്തിലെത്തി.
ഉച്ചക്ക് പരീക്ഷയായത് ആശ്വാസമായി. വ്യാഴാഴ്ച രാവിെല നിക്കാഹിന് ശേഷം വീട്ടുകാരോടും കുടുംബക്കാരോടും നാട്ടുകാരോടും വിടചൊല്ലി വരൻ ഫവാസിനൊപ്പം കാറിൽ പരീക്ഷ ഹാളിലേക്ക്. വിവാഹവേഷത്തിലെത്തിയ നുസ്റത്തിനെ കണ്ടത് പരീക്ഷയെഴുതാനെത്തിയവർക്ക് കൗതുകമായി. പരീക്ഷ കഴിയും വരെ ഫവാസ് പുറത്ത് കാത്തിരുന്നു. പിന്നീട് പരീക്ഷ നന്നായി എഴുതിയെന്ന് പറഞ്ഞെത്തിയ ജീവിത പങ്കാളിയോടൊപ്പം വൈകീട്ടത്തെ സൽക്കാരത്തിന് പുറപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
