
വധൂവരന്മാരുടെ തല കൂട്ടിമുട്ടിച്ച സംഭവം; കേസെടുത്ത് പൊലീസ്
text_fieldsവിവാഹ ശേഷം വരന്റെ വീട്ടിലെത്തിയ വധൂവരന്‍മാരുടെ തലകള്‍ തമ്മില്‍ കൂട്ടിമുട്ടിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. കൊല്ലങ്കോട് പൊലീസ് ആണ് കേസെടുത്തത്. സംഭവത്തില്‍ സുഭാഷ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. ദേഹോപദ്രവം ഏല്‍പ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വനിതാ കമ്മീഷന്‍ കൊല്ലങ്കോട് പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു.
നേരത്തെ വധൂവരന്മാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. വിവാഹശേഷം വധു-വരന്മാരുടെ ഗൃഹപ്രവേശന സമയത്തായിരുന്നു സോഷ്യൽമീഡിയയിലും പുറത്തും ഏറെ വിവാദമായ ഈ സംഭവം അരങ്ങേറുന്നത്. ജൂണ്‍ 25ന് പാലക്കാട് പല്ലശന സ്വദേശി സച്ചിനും കോഴിക്കോട് മുക്കം സ്വദേശിനി സജ്‌ലയും വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് കയറുന്നതിനിടെയാണ് ബന്ധുക്കളില്‍ ഒരാള്‍ ഇരുവരുടെയും തല കൂട്ടിയിടിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.
അപ്രതീക്ഷിതമായി തല കൂട്ടിയിടിപ്പിച്ചപ്പോള്‍ വേദനകൊണ്ട് പുളഞ്ഞ വധു കരഞ്ഞുകൊണ്ട് വീട്ടിലേക്ക് കയറിപ്പോകുന്നതും വിഡിയോയില്‍ കാണാമായിരുന്നു. സംഭവത്തിന് പിന്നാലെ പാലക്കാട്ട് ഇത്തരം രീതികള്‍ കല്യാണങ്ങളില്‍ പിന്തുടര്‍ന്നു വരുന്നതായും ഇല്ലെന്നുമുള്ള തരത്തില്‍ രണ്ടു അഭിപ്രായങ്ങളും ഉയര്‍ന്നുവന്നിരുന്നു. വിവാഹശേഷം ഭർതൃഗൃഹത്തിലേക്ക് പ്രവേശിക്കുന്ന വരന്റെയും വധുവിന്റെയും തലകൾ തമ്മിൽ കൂട്ടിയിടിപ്പിക്കണമെന്നും അങ്ങനെ വധു കരഞ്ഞുകൊണ്ട് വരന്റെ വീട്ടിലേക്ക് പ്രവേശിക്കണമെന്നുളള ആചാരത്തെ തുടർന്നാണ് ഈ സംഭവമെന്നായിരുന്നു ഇതിനെ അനുകൂലിച്ചവർ പറഞ്ഞത്. വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വ്യാപക വിമർശനമാണ് ഉയർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
