കേസ് ഒതുക്കാൻ കോഴ: ഇ.ഡിക്കെതിരെ ഇ.ഡി, ഡൽഹി സ്പെഷൽ ടാസ്ക് ഫോഴ്സിന് അന്വേഷണ ചുമതല
text_fieldsകൊച്ചി: കേസ് ഒതുക്കാൻ എൻഫോഴ്സ്മന്റെ് ഡയറക്ടറേറ്റ് (ഇ.ഡി). ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടെന്ന വിജിലൻസ് കേസിന്റെ അടിസ്ഥാനത്തിൽ ഇ.സി.ഐ.ആർ (എൻഫോഴ്സ്മന്റെ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട്) രജിസ്റ്റർ ചെയ്ത് ഇ.ഡി. ഡൽഹി സ്പെഷൽ ടാസ്ക് ഫോഴ്സിനാണ് അന്വേഷണ ചുമതല. വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി ഡൽഹിയിൽ ഹാജരാകാൻ കേസിലെ പരാതിക്കാരനായ അനീഷ് ബാബുവിനോട് ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായാണ് വിളിച്ചുവരുത്തുന്നത്. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം ഡിജിറ്റൽ തെളിവുകളിൽ ഉൾപ്പെടെ പരിശോധന നടക്കും. കൊച്ചിയിലെ ഇ.ഡി അസി. ഡയറക്ടർ ശേഖർകുമാറാണ് വിജിലൻസ് കേസിലെ ഒന്നാം പ്രതി. ഇടനിലക്കാരും ഇ.ഡി ഉദ്യോഗസ്ഥരും ഉൾപ്പെട്ട സംഘം കേസൊതുക്കാൻ കൈക്കൂലി വാങ്ങുന്നതിന് ഇടപെടുന്നുവെന്നതിലാണ് വിജിലൻസ് അന്വേഷണം. ആഭ്യന്തര അന്വേഷണം എന്ന നിലയിൽ കൂടിയാണ് ഇ.ഡി കേസെടുത്ത് മുന്നോട്ടുപോകുന്നത്. ഒന്നാം പ്രതിയായ ശേഖർകുമാറിന്റെ അറസ്റ്റ് ഇതുവരെ വിജിലൻസ് രേഖപ്പെടുത്തിയിട്ടില്ല.
ഇദ്ദേഹത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി പരിഗണിക്കാനിരിക്കുകയാണ്. തമ്മനം സ്വദേശി വിൽസൺ വർഗീസ് (36), രാജസ്ഥാൻ സ്വദേശി മുരളി മുകേഷ് കുമാർ (55), ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് വാര്യർ (38) എന്നിവരാണ് മറ്റ് പ്രതികൾ. വിജിലൻസ് അറസ്റ്റ് ചെയ്ത് റിമാൻഡിലായിരുന്ന ഇവർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇ.ഡിയുടെ പല കേസുകളിലെയും അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണങ്ങൾ വിവിധ കോണുകളിൽ നിന്നുയർന്ന സാഹചര്യത്തിലാണ് അവർ തന്നെ പ്രതിക്കൂട്ടിലാകുന്ന സംഭവമുണ്ടായിരിക്കുന്നത്. അതിനാൽ തങ്ങളുടെ വിശ്വാസ്യത തെളിയിക്കുക എന്നതും ഇ.ഡിക്ക് പ്രധാനമാണ്. അതേസമയം മറ്റ് ഏതെങ്കിലും ഇ.ഡി കേസുകളിൽ ഇത്തരത്തിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണമുണ്ടോ എന്നും വിജിലൻസ് പരിശോധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

