കൈക്കൂലി: പഞ്ചായത്ത് സെക്രട്ടറിക്ക് ഒരു ലക്ഷം പിഴയും മൂന്ന് വർഷം കഠിനതടവും
text_fieldsതൃശൂര്‍: കൈക്കൂലി കേസില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് തൃശൂര്‍ വിജിലൻസ് കോടതി ഒരു ലക്ഷം പിഴയും മൂന്ന് വർഷം കഠിനതടവും വിധിച്ചു. പാലക്കാട് കൊല്ലങ്കോട് പഞ്ചായത്തിൽ 2007ല്‍ സെക്രട്ടറിയായിരുന്ന അബ്ദുൾ ഹക്കീമിനെയാണ് ജഡ്ജ് ജി. അനിൽ ശിക്ഷിച്ചത്.
ലക്ഷം രൂപ പിഴയും അടയ്ക്കണം. പഞ്ചായത്ത് സെക്രട്ടറിയായിരിക്കെ അബ്ദുൾ ഹക്കീം 10,000 രൂപ കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ശിക്ഷ. ജി. പ്രകാശൻ എന്നയാളുടെ സായി മെഡിക്കൽ സെന്റർ എന്ന സ്ഥാപനത്തിന് കെട്ടിടനമ്പർ ലഭിക്കാൻ സമർപ്പിച്ച ഡീവിയേഷൻ പ്ലാൻ അംഗീകരിച്ച് നൽകാൻ 10,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പരാതിക്കാരനോട് നേരത്തെ വാങ്ങിയ 6000 രൂപക്ക് പുറമെയായിരുന്നു വീണ്ടും കൈക്കൂലി ആവശ്യപ്പെട്ടത്.
തൃശൂർ വിജിലന്‍സ് ഡിവൈ.എസ്.പി യായിരുന്ന സഫിയുള്ള സെയ്ദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അബ്ദുൾ ഹക്കീമിനെ പിടികൂടിയത്.
ഡിവൈ.എസ്.പി ആയിരുന്ന കെ. സതീശനാണ് അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ചത്. പിഴസംഖ്യ അടക്കാത്തപക്ഷം ഒരു വർഷം അധിക കഠിന തടവ് അനുഭവിക്കണം. പബ്ലിക് പ്രോസിക്യൂട്ടര്‍ ഇ.ആർ. സ്റ്റാലിന് ഹാജരായി.

