തൃശൂർ: സംസ്ഥാനത്തെ ആദ്യത്തെ ആറുവരി പാതയായ മണ്ണുത്തി-പാലക്കാട് ദേശീയ പാത നിർമാണഘട്ടത്തിൽ സ്വകാര്യ വ്യക്തിയിൽനിന്ന് കൈക്കൂലി വാങ്ങിയതിന് ദേശീപാത അതോറിറ്റി പ്രോജക്ട് ഡയറക്ടറെ മൂന്നുവർഷം തടവിനും അഞ്ചുലക്ഷം പിഴയൊടുക്കാനും സി.ബി.ഐ കോടതി ശിക്ഷിച്ചു. മണ്ണുത്തി-പാലക്കാട് ദേശീയപാത നിർമാണത്തിലെ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രോജക്റ്റ് യൂനിറ്റ് ഇംപ്ലിമെേൻറഷൻ ഡയറക്ടറായി നേരത്തേ ജോലി ചെയ്തിരുന്ന ബിട്ല വേണുഗോപാലിനെയാണ് ശിക്ഷിച്ചത്. വിവരാവകാശ സംഘടനയായ നേർക്കാഴ്ച അസോസിയേഷൻ ഡയറക്ടർ പി.ബി. സതീഷിന് രേഖാമൂലം നൽകിയ മറുപടിയിലാണ് സി.ബി.ഐ കോടതി ശിക്ഷിച്ച കാര്യം വ്യക്തമാക്കിയത്.
ദേശീയപാത മണ്ണുത്തിയിൽ കെട്ടിടം നിർമിക്കാൻ അനുമതിക്ക് 90,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ബിട്ല വേണുഗോപാലിനെ സി.ബി.ഐ അറസ്റ്റ് ചെയ്ത കേസിലാണ് ശിക്ഷിച്ചത്. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ചും സി.ബി.ഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. 2004 ഏപ്രിൽ ഒന്നുമുതൽ 2008 ജൂൺ എട്ടുവരെ പാലക്കാട് ഹൈവേ അതോറിറ്റി പ്രോജക്ട് പ്രോജക്ട് ഡയറക്ടർ ആയിരുന്ന കാലയളവിൽ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ കേസിൽ പ്രതിയുടെ പേരിലും ബന്ധുക്കളുടെ പേരിലും 30 ലക്ഷത്തോളം അധിക വരുമാനം സി.ബി.ഐ കണ്ടെത്തി.