സബ് രജിസ്ട്രാർ ഓഫിസുകളിൽ കൈക്കൂലി പ്രളയം: ഗൂഗിൾ പേ വഴിയും കൈക്കൂലി
text_fieldsതിരുവനന്തപുരം: ‘ഓപറേഷൻ സെക്വർ ലാൻഡ്’ എന്ന പേരിൽ സംസ്ഥാന വ്യാപകമായി സബ് രജിസ്ട്രാർ ഓഫിസുകളിൽ നടത്തിയ വിജിലൻസ് പരിശോധനയിൽ കൈക്കൂലിയും ക്രമക്കേടും കണ്ടെത്തി.
ആധാരം രജിസ്റ്റർ ചെയ്യാനും മറ്റു സേവനങ്ങൾക്കും ആധാരമെഴുത്തുകാർ മുഖേനയും ഉദ്യോഗസ്ഥർ നേരിട്ടും കൈക്കൂലി വാങ്ങുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു 72 സബ് രജിസ്ട്രാർ ഓഫിസുകളിലെ മിന്നൽ പരിശോധന. വിവിധ ഓഫിസുകളിൽ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാനെത്തിയ 15 ഏജന്റുമാരിൽനിന്ന് 1,46,375 രൂപയും ഏഴ് സബ് രജിസ്ട്രാർ ഓഫിസിലെ റെക്കോർഡ് മുറികളിൽ ഒളിപ്പിച്ച കൈക്കൂലി പണമായ 37,850 രൂപയും നാല് ഉദ്യോഗസ്ഥരിൽനിന്ന് കണക്കിൽപ്പെടാത്ത 15,190 രൂപയും പിടിച്ചെടുത്തു.
വിവിധ ഓഫിസുകളിലെ 19 ഉദ്യോഗസ്ഥർ ആധാരമെഴുത്തുകാരിൽനിന്ന് 9,65,905 രൂപ കൈക്കൂലിയായി ഗൂഗിൾ പേ വഴി വാങ്ങിയതായി കണ്ടെത്തി. വസ്തു രജിസ്ട്രേഷന് ആധാരം എഴുത്തുകാരെ സമീപിക്കുമ്പോൾ കൂടുതൽ പണം വാങ്ങി ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി നൽകുകയാണ്. കഴക്കൂട്ടം, പത്തനംതിട്ട, കോന്നി, ചെങ്ങന്നൂർ, ദേവികുളം, പീരുമേട്, ആലുവ, കൊച്ചി, ചാലക്കുടി, മലപ്പുറം, മഞ്ചേരി, നിലമ്പൂർ, പെരിന്തൽമണ്ണ, പൊന്നാനി, കുറ്റിപ്പുറം, ഫറോക്ക്, കൊയിലാണ്ടി, കോഴിക്കോട്, കുറ്റ്യാടി, കൽപറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി, ബദിയടുക്ക തുടങ്ങിയ സബ് രജിസ്ട്രാർ ഓഫിസുകളുമായി ബന്ധപ്പെട്ടാണ് പ്രധാനമായും ക്രമക്കേട് പിടിച്ചത്. ഓഫിസിൽ കണക്കിൽപെടാത്ത പണം, ഉദ്യോഗസ്ഥർക്ക് ഏജൻറുമാർ കൈക്കൂലി ഗൂഗിൾ പേ വഴി അയച്ചത്, ഉദ്യോഗസ്ഥരുടെ പക്കൽ കൈക്കൂലി പണം, ഏജന്റുമാരുടെ പക്കൽ കൈക്കൂലി പണം എന്നിവയാണ് കണ്ടെത്തിയത്. പരിശോധന തുടരുമെന്നും ഉദ്യോഗസ്ഥരുടെ അക്കൗണ്ട് വിവരം ശേഖരിക്കുമെന്നും വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു. അഴിമതി വിവരം ടോൾ ഫ്രീ നമ്പറായ 1064ലോ 8592900900 ലോ അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

