അപകടക്കേസിലെ വാഹനംവിട്ട് നൽകുന്നതിന് കൈക്കൂലി: ഗ്രേഡ് എസ്.ഐ. വിജിലൻസ് പിടിയിൽ
text_fieldsകൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ മരട് പോലീസ് സ്റ്റേഷൻ ഗ്രേഡ് എസ്ഐ ഗോപകുമാർ
മരട്: വൈറ്റില ഹബ്ബിന് സമീപം അപകടമുണ്ടാക്കിയ കേസിലെ വാഹനം വിട്ട് നൽകുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങിയ മരട് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ പിടിയിൽ. കാഞ്ഞിരമറ്റം സ്വദേശി ഗോപകുമാറി (56) നെയാണ് വിജിലൻസ് പിടികൂടിയത്.
വൈറ്റില ഹബ്ബിന് സമീപം 25-ാം തീയതി വൈകിട്ട് 5.30യോടെ പള്ളിക്കര സ്വദേശി ഷിബു വർഗീസിന്‍റെ ഉടമസ്ഥതയിലുള്ള ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി ഓടിച്ചിരുന്ന ഡ്രൈവർക്ക് ഹൃദയാഘാതം സംഭവിക്കുകയും തുടർന്ന് ഒരു വൈദ്യുതി പോസ്റ്റിലും കാറിലും ബൈക്കിലും മതിലിലും ഇടിച്ച് അപകടം സംഭവിച്ചിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഡ്രൈവർ കോമ സ്റ്റേജിൽ ചികിത്സയിലുമാണ്.
തുടർന്ന് മരട് പൊലീസ് 28-ാം തീയതി കേസ് രജിസ്റ്റർ ചെയ്തിരുന്നു. മരട് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഗോപകുമാർ പരാതിക്കാരനായ ഷിബു വർഗീസിനെ ഫോണിൽ വിളിച്ച് കേസിൽപ്പെട്ട ലോറി വിട്ട് നൽകുന്നതിന് സ്റ്റേഷനിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടു. അന്നേ ദിവസം രാത്രി സ്റ്റേഷനിലെത്തി ഗോപകുമാറിനെ നേരിൽ കണ്ടപ്പോൾ 27-ാം തീയതി വീണ്ടും സ്റ്റേഷനിൽ വരാൻ പറഞ്ഞു. തുടർന്ന് 27-ാം തീയതി പരാതിക്കാരൻ സ്റ്റേഷനിൽ എത്തിയപ്പോൾ വാഹനം വിട്ട് നൽകുന്നതിന് 10,000 രൂപ കൈക്കൂലി നൽകണമെന്ന് ആവശ്യപ്പെട്ടു.
പരാതിക്കാരൻ തന്റെ ബുദ്ധിമുട്ടുകളും ആശുപത്രിയിൽ കഴിയുന്ന ഡ്രൈവറുടെ ചികിത്സയുടെ കാര്യവും പറഞ്ഞുവെങ്കിലും അത് കേൾക്കാൻ കൂട്ടാക്കാതെ 10,000 രൂപ തന്നെ കൈക്കൂലി വേണമെന്ന് ഉറപ്പിച്ച് പറഞ്ഞു. തുടർന്ന് തിങ്കളാഴ്ച വീണ്ടും സ്റ്റേഷനിലെത്തി ഗ്രേഡ് എസ്.ഐ ഗോപകുമാറിനെ കണ്ട് തന്റെ ബുദ്ധിമുട്ട് പറഞ്ഞപ്പോൾ ഏറ്റവും കുറഞ്ഞ തുകയാണ് താൻ ആവശ്യപ്പെട്ടതെന്നും ഇതിൽ കുറക്കാൻ കഴിയില്ലായെന്നും ചൊവ്വാഴ്ച ഉച്ചക്ക് ശേഷം സ്റ്റേഷനിലെത്തി പണം നൽകണമെന്നും പറഞ്ഞ് തിരികെ അയച്ചു.
കൈക്കൂലി നൽകി കാര്യം സാധിക്കാൻ താൽപര്യമില്ലാത്ത പരാതിക്കാരൻ ഈ വിവരം എറണാകുളം വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയും തുടർന്ന് നിർദ്ദേശാനുസരണം വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേ ചൊവ്വാഴ്ച വൈകിട്ട് 4.15ന് മരട് പൊലീസ് സ്റ്റേഷനിൽ വെച്ച് പരാതിക്കാരനിൽ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങവെ ഗ്രേഡ് എസ്.ഐയെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

