കെ.എം.ഷാജിയുടെ വീട് അളന്ന് നഗരസഭ; നടപടി ഇ.ഡിയുടെ നിർദേശപ്രകാരം
text_fieldsകോഴിക്കോട്: അഴീക്കോട് സ്കൂളിൽ പ്ലസ്ടു ബാച്ച് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ അന്വേഷണം പുരോഗമിക്കവെ കെ.എം.ഷാജി എം.എൽ.എയുടെ വീട്ടിൽ കോഴിക്കോട് നഗരസഭാ ഉദ്യോഗസ്ഥർ പരിശോധന നടത്തി. എൻഫോഴ്സ്മെൻെറ ഡയറക്ടറേറ്റിെൻറ നിർദേശപ്രകാരം നഗരസഭാ ഉദ്യോഗസ്ഥർ എം.എൽ.എയുടെ വീടും സ്ഥലവും അളന്നു. കോഴിക്കോട് മലാപ്പറമ്പിലുള്ള വീടും സ്ഥലവുമാണ് അളന്നത്.
സ്കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് കോഴ വാങ്ങിയെന്ന പരാതിയില്‍ ചോദ്യം ചെയ്യലിനും മൊഴിയെടുക്കുന്നതിനുമായി ഷാജി ഉള്‍പ്പെടെ 30ലധികം പേർക്കു ഇ.ഡി നോട്ടീസ് നല്‍കി. പരാതിയിൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ മജീദിെൻറ മൊഴി ഇ.ഡി രേഖപ്പെടുത്തിയിരുന്നു.
2014ല്‍ അഴീക്കോട് സ്കൂളിലെ പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ ഷാജിക്ക് 25 ലക്ഷം രൂപ കൈമാറിയെന്ന പരാതിയിലാണ് അന്വേഷണം. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പത്മനാഭനാണ് പരാതിക്കാരന്‍. എന്നാൽ പണം വാങ്ങിയിട്ടില്ലെന്നും ആരോപണം രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തിയാണെന്നുമാണ് എം.എൽ.എയുടെ വാദം.