നിഗൂഢത ബാക്കിയാക്കി ബ്രൂവറി വിവാദം
text_fieldsതിരുവനന്തപുരം: അനുമതി പിൻവലിച്ചിട്ടും നിഗൂഢത ബാക്കിയാക്കി ബ്രൂവറി-ഡിസ്റ്റിലറി വിവാദം. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പും പ്രളയ ദുരന്തവും കൈകാര്യം ചെയ്ത് നേട്ടം കൊയ്ത മുഖ്യമന്ത്രി പിണറായി വിജയന് രാഷ്ട്രീയ തിരിച്ചടി കൂടിയായി വിവാദം. പ്രതിപക്ഷത്തിനു മുന്നിൽ രാഷ്ട്രീയപരാജയം സമ്മതിക്കുന്നതാണ് അനുമതി പിൻവലിച്ച നടപടി.
തലയൂരിയല്ലോ എന്ന ആശ്വാസമാണ് സി.പി.എം നേതൃത്വത്തിന്. മന്ത്രിസഭ അനുമതി വേണ്ട, എൽ.ഡി.എഫ് ചർച്ച ചെയ്യേണ്ട എന്നായിരുന്നു എക്സൈസ് മന്ത്രി അടക്കമുള്ളവരുടെ ആദ്യ വിശദീകരണം. സി.പി.എം സെക്രേട്ടറിയറ്റിലും മുഖ്യമന്ത്രി വിശദീകരിച്ചതിൽ കൂടുതൽ ചർച്ച നടന്നില്ല. പ്രതിപക്ഷം എക്സൈസ് മന്ത്രിയെ ലക്ഷ്യംവെച്ച് കരു നീക്കുകയും കൂടുതൽ വിവരം പുറത്തുവരുകയും ചെയ്തതോടെ മുഖ്യമന്ത്രിയുടെ വിശദീകരണം ദുർബലമായി. ഇതോടെ സി.പി.എം നേതൃത്വത്തിലും ഭിന്നാഭിപ്രായമുണ്ടായി.
കഴിഞ്ഞ സംസ്ഥാന സെക്രേട്ടറിയറ്റിൽ നടപടിക്രമങ്ങളിൽ വേണ്ടത്ര കരുതലുണ്ടായോയെന്ന് സംശയമുണ്ടെന്ന അഭിപ്രായം നേതാക്കൾ പ്രകടിപ്പിച്ചു. അപ്പോഴും മുഖ്യമന്ത്രിയെ തിരുത്താൻ ആർക്കും ധൈര്യമില്ലായിരുന്നു.
ഒാരോ ദിവസവും പ്രതിപക്ഷം രാഷ്ട്രീയ നേട്ടം കൊയ്യുകയാണെന്ന് മുഖ്യമന്ത്രിയും തിരിച്ചറിഞ്ഞു. ഇതോടെ മന്ത്രിസഭ യോഗം ചേരുന്നതിന് മണിക്കൂറുകൾക്കു മുമ്പ് വാർത്തസമ്മേളനം വിളിച്ച് വിവാദം അവസാനിപ്പിച്ചു. അപ്പോഴും മന്ത്രിസഭയും സി.പി.എം-സി.പി.െഎ നേതൃത്വവും വിവാദ അനുമതി വഴിയെക്കുറിച്ച് പുറത്തുപറയാനാവാത്ത ‘അജ്ഞത’യിൽതന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
