ബ്രൂവറി പ്ലാന്‍റ്: വി.ഡി. സതീശൻ നേർക്കുനേർ സംവാദത്തിന് തയാറുണ്ടോ?; വെല്ലുവിളിച്ച് മന്ത്രി എം.ബി. രാജേഷ്
text_fieldsപാലക്കാട്: എലപ്പുള്ളി ബ്രൂവറി വിവാദത്തിൽ നിയമസഭയിൽ ചർച്ച നടത്താതെ ഒളിച്ചോടിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ നേർക്കുനേർ സംവാദത്തിന് വെല്ലുവിളിച്ച് എക്സൈസ് മന്ത്രി എം.ബി. രാജേഷ്. എലപ്പുള്ളിയിൽ നടന്ന സി.പി.എം രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് മന്ത്രി രാജേഷ് വെല്ലുവിളി നടത്തിയത്.
മുൻ പ്രതിപക്ഷ നേതാവും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവും മത്സരിച്ച് കള്ളപ്രചാരണം നടത്തുകയാണ്. കള്ളങ്ങളോരോന്നും പൊളിഞ്ഞു വീണതോടെ രണ്ടാഴ്ചയായി മിണ്ടാട്ടമില്ല. കോൺഗ്രസായാലും ബി.ജെ.പി.യായാലും നാടിന്‍റെ വികസനം തടയുന്ന ശകുനംമുടക്കികളെയെല്ലാം ജനങ്ങളെ അണിനിരത്തി നേരിടും.
വ്യവസായ ഇടനാഴിയുടെ ഭാഗമായി പല തരത്തിലുള്ള വ്യവസായങ്ങൾ വരേണ്ട സ്ഥലമാണ് എലപ്പുള്ളി. മുതൽ മുടക്കാൻ വരുന്നവരെ സമരം ചെയ്ത് ഓടിച്ചാൽ വരാനിരിക്കുന്ന വ്യവസായങ്ങളെയും അത് ബാധിക്കും. കമ്പനി വരുന്നതു കൊണ്ട് തനിക്ക് എത്ര കിട്ടിയെന്നാണ് സതീശൻ ചോദിക്കുന്നത്. ആ ചിന്ത മാത്രമേ സതീശനുള്ളൂ.
സതീശൻ പഠിച്ച സ്കൂളിലല്ല ഞാൻ പഠിച്ചിട്ടുള്ളതെന്നേ അതിനെക്കുറിച്ച് പറയാനുള്ളൂ. മദ്യത്തിനു മാത്രമല്ല, വ്യാവസായികാവശ്യത്തിനും സ്പിരിറ്റ് ഉപയോഗിക്കുമെന്ന് എതിർക്കുന്നവർ മനസിലാക്കണം. 2000 പേർക്ക് നേരിട്ട് ജോലി കിട്ടുന്നതും സംസ്ഥാനത്തിന് വരുമാനം കിട്ടുന്നതുമായ പദ്ധതിയാണ് മുടക്കാൻ ശ്രമിക്കുന്നതെന്നും മന്ത്രി രാജേഷ് വ്യക്തമാക്കി.
അതേസമയം, പത്ത് തലത്തിൽ പരിശോധിച്ച ശേഷമാണ് എലപ്പുള്ളിയിലെ എഥനോൾ പ്ലാൻറിന് പ്രാരംഭ അനുമതി നൽകിയതെന്ന് കഞ്ചിക്കോട് അഹല്യ കാമ്പസിലെ മഴവെള്ള സംഭരണി സന്ദർശിച്ച ശേഷം മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി. വസ്തുതകളുടെ അടിസ്ഥാനത്തിലാവണം വിമർശിക്കാനെന്നും അദ്ദേഹം പറഞ്ഞു.
ഈ ജലസംരക്ഷണ പ്രവൃത്തി മാതൃകയാണ്. മഴനിഴൽപ്രദേശമായ ഇവിടെ 15 തടാകങ്ങളാണ് മഴവെള്ള സംഭരണത്തിനായി കൃത്രിമമായി സൃഷ്ടിച്ചത്. മഴനിഴൽപ്രദേശത്ത് മഴവെള്ള സംഭരണം അസാധ്യമാണെന്ന് പറഞ്ഞിടത്താണ് ഇത്രയും ശേഷിയുള്ള സംഭരണി സ്ഥാപിച്ചത്. ഒരു ടൗൺഷിപ്പിനാവശ്യമായ വെള്ളം ഇവിടെ സംഭരിക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.