ബ്രൂവറി പ്ലാന്‍റിന് ഒരു തുള്ളി ഭൂഗർഭ ജലം എടുക്കില്ല, പ്രതിപക്ഷം കള്ളം പറയുന്നു -മന്ത്രി എം.ബി. രാജേഷ്
text_fieldsമന്ത്രി എം.ബി. രാജേഷ്
തിരുവനന്തപുരം: പാലക്കാട്ടെ മദ്യനിർമാണ പ്ലാന്‍റിനായി ഭൂഗർഭ ജലം എടുക്കില്ലെന്നും അതിന്റെ ആവശ്യം വരില്ലെന്നും എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. പത്ത് ഘട്ടങ്ങളിലായി പരിശോധന നടന്നു. ജല ലഭ്യത ഉറപ്പാക്കാൻ ഫയൽ തിരിച്ചയച്ചു. പദ്ധതിക്കായി മലമ്പുഴ അണക്കെട്ടിൽനിന്ന് ജലം ലഭ്യമാക്കും. പദ്ധതിയിൽ അഞ്ചേക്കറിൽ മഴവെള്ള സംഭരണിയുമുണ്ട്. ഇത് കാണാൻ പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കും സ്വാഗതം. ഇന്‍റർനെറ്റിൽ സെർച്ച് ചെയ്താൽ കിട്ടുന്ന വിവരങ്ങളാണ് രഹസ്യരേഖ എന്നപോലെ പ്രതിപക്ഷം പുറത്തുവിട്ടത്. പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും മത്സരിച്ച് കള്ളം പറയുന്നുവെന്നും മന്ത്രി പറഞ്ഞു.
“പ്ലാന്‍റിനായി ഒരു തുള്ളി ഭൂഗർഭജലം എടുക്കില്ലെന്ന് വീണ്ടും ആവർത്തിക്കുന്നു. അതിന്‍റെ ആവശ്യവും വരുന്നില്ല. 2,23,000 ദശലക്ഷം ലിറ്ററാണ് മലമ്പുഴ ഡാമിന്‍റെ സംഭരണശേഷി. പാലക്കാട് നഗരസഭക്കും പിരായിരി പഞ്ചായത്തിന് ഭാഗികമായും വെള്ളം നൽകുന്നതിന് ഒരു ദിവസം 45 ദശലക്ഷം ലിറ്റർ ജലമാണ് വേണ്ടത്. പുതുപ്പരിയാരം, അകത്തേത്തറ, മരുതറോഡ് പഞ്ചായത്തുകൾക്ക് പൂർണമായും മുണ്ടൂരിന് ഭാഗികമായും വെള്ളം കൊടുക്കുന്നു. ഇതിനെല്ലാം കൂടി ദിനംപ്രതി 21.5 ദശലക്ഷം ലിറ്റർ വെള്ളമാണ്. പുതുശ്ശേരിക്കു വേണ്ടി അഞ്ച് ദശലക്ഷം ലിറ്ററിന്‍റെ പദ്ധതി പുരോഗമിക്കുന്നു.
എല്ലാംകൂടി ചേർത്താൽ പ്രതിദിനം 81.5 ദശലക്ഷം ലിറ്റർ വെള്ളമാണ് വേണ്ടത്. മഴക്കാലത്ത് ഇത്രയും വേണ്ട. വേണമെങ്കിലും വർഷം 29,748 ദശലക്ഷം ലിറ്റർ വെള്ളമാണ് ആവശ്യമായുള്ളത്. ഒറ്റത്തവണ സംഭരിക്കുന്നതിന്റെ 13.16 ശതമാനം വെള്ളമാത്രമാണ് ഒരു വർഷം കുടിവെള്ള ആവശ്യത്തിനു വേണ്ടത്. പത്ത് വർഷമായി മലമ്പുഴയിൽ ജലദൗർലഭ്യമില്ല. കൃഷി ആവശ്യത്തിനും ജലം നൽകുന്നുണ്ട്. എഥനോൾ നിർമാണ ഫാക്ടറിക്ക് തുടക്കത്തിൽ 0.05 ദശലക്ഷം ലിറ്ററും പൂർണതോതിൽ 0.5 ദശലക്ഷം ലിറ്റർ ജലം മാത്രമാണ് വേണ്ടിവരിക. പാലക്കാട് നഗരസഭക്ക് നൽകുന്നതിന്റെ 1.1 ശതമാനം മാത്രമാണിത്” -മന്ത്രി പറഞ്ഞു.
ബ്രൂവറി പ്ലാന്‍റുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങൾ ആസൂത്രിതമായി നടത്തുന്നുവെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് മന്ത്രിസഭാ യോഗത്തിന്റെ രേഖയാണ് വലിയ തെളിവായി പുറത്തുവിട്ടത്. വെബ്സൈറ്റിൽ ഒയാസിസിന് നൽകിയ അനുമതിയുടെ മന്ത്രിസഭ രേഖ ലഭിക്കും. 16 ദിവസം മുമ്പ് വെബ്സൈറ്റിൽ ഉള്ളതാണ് ഇത്. ഇതാണ് രഹസ്യരേഖ എന്ന് പറഞ്ഞ് പ്രതിപക്ഷനേതാവ് അവതരിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ എല്ലാ വാദങ്ങളും തെറ്റാണ് എന്ന് തെളിഞ്ഞു, ഒറ്റ കമ്പനി മാത്രം എങ്ങനെ ഇതറിഞ്ഞു എന്നതാണ് പ്രതിപക്ഷ നേതാവും മുൻപ്രതിപക്ഷ നേതാവും പറയുന്നത്. 2022 – 23 ലെ മദ്യനയത്തിലെ ആമുഖത്തിൽ ഇക്കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.എന്നിട്ടാണ് പ്രതിപക്ഷ നേതാവും മുൻപ്രതിപക്ഷ നേതാവ് പച്ചക്കള്ളം പറയുന്നത്, എന്താണ് സർക്കാർ മറച്ചു വിട്ടിട്ടുള്ളത്. എന്ത് രഹസ്യാത്മകതയാണ് ഇതിനുള്ളത്. അന്ന് പ്രതിപക്ഷം ഇറക്കിയ പ്രസ്താവനയുണ്ട്. പിന്നെ എങ്ങനെയാണ് ആരും അറിഞ്ഞില്ല എന്ന് പറയുക, സത്യസന്ധതയില്ലാതെയാണ് അവർ കാര്യങ്ങൾ പറയുന്നത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.